Currency

ബഹറൈനില്‍ കൊറോണ സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം രണ്ടായി

സ്വന്തം ലേഖകന്‍Tuesday, February 25, 2020 12:13 pm

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാന്‍ സന്ദര്‍ശിച്ച ശേഷം ദുബായ് വഴി ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തിയ യുവതിക്കാണ് വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം രണ്ടായി.

ഇന്നലെ രോഗബാധയുണ്ടെന്ന് കണ്ടെത്തിയ സ്വദേശി പൗരനെ ചികില്‍സക്കായി ഇബ്രാഹിം ഖലീല്‍ കാനൂ കമ്യൂണിറ്റി മെഡിക്കല്‍ സെന്ററിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഈ മാസം 21നാണ് ഇദ്ദേഹം ഇറാനില്‍ നിന്ന് ദുബായ് വഴി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്തില്‍ കൂടെ യാത്രയിലുണ്ടായിരുന്ന എല്ലാവരോടും പരിശോധനക്ക് വിധേയരാകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്‌കൂള്‍ ബസ് ഡ്രൈവറായ ഇദ്ദേഹം കഴിഞ്ഞ ദിവസം ഇബ്ന്‍ അല്‍ നഫീസ് പ്രൈമറി സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, സിത്ര പ്രൈമറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് എന്നീ സ്‌കൂളുകളിലും അല്‍ ഖമര്‍ കിന്‍ഡര്‍ഗാര്‍ട്ടനിലും കുട്ടികളെ എത്തിച്ചിരുന്നു. സ്‌കൂള്‍ ബസില്‍ സഞ്ചരിച്ച മുഴുവന്‍ കുട്ടികളെയും ആരോഗ്യ മന്ത്രാലയം പരിശോധനക്ക് വിധേയരാക്കി. മുന്‍കരുതല്‍ എന്ന നിലയില്‍ ഈ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനും രണ്ടാഴ്ചത്തേക്ക് അടച്ചിടാനും നിര്‍ദേശിച്ചിട്ടുണ്ട്.

പരിഭ്രാന്തരാകേണ്ട സാഹചര്യം രാജ്യത്തില്ലെന്നും കടുത്ത പനി, ചുമ, ശ്വാസ തടസ്സം എന്നിവ നേരിട്ടാല്‍ 444 എന്ന നമ്പറില്‍ വിളിച്ച് വൈദ്യ സഹായം തേടണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x