കുവൈത്ത് സിറ്റി: കുവൈത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുന്നതിന്റെ രണ്ടാം ഘട്ടം ഉടനുണ്ടാകില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ രണ്ടാം ഘട്ടം നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ മന്ത്രിസഭ നിര്‍ദേശം നല്‍കി. രാജ്യത്തേക്ക് വരുന്ന വാണിജ്യ വിമാന സര്‍വീസുകളുടെ എണ്ണം പരമാവധി കുറക്കാനും മന്ത്രിസഭ വ്യോമയാന വകുപ്പിനു നിര്‍ദേശം നല്‍കി. ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസ് പലരാജ്യങ്ങളിലും പടരുന്ന സാഹഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ അനുസരിച്ചാണ് തീരുമാനം.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുന്ന നടപടി അനിശ്ചിത കാലത്തേക്ക് മാറ്റിവെക്കാനും രാജ്യത്തേക്ക് വരുന്ന കൊമേര്‍ഷ്യല്‍ വിമാനങ്ങളുടെ എണ്ണം പരമാവധി കുറക്കാനും ആണ് തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിയ വാണിജ്യ വിമാന സര്‍വീസുകള്‍ കഴിഞ്ഞ ആഗസ്ത് ഒന്നിന് പുനരാരംഭിച്ചെങ്കിലും പരിമിതമായ തോതില്‍ മാത്രമാണ് സര്‍വീസുകള്‍ ഉള്ളത്. നാല് ഘട്ടങ്ങളായി സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പരിമിതശേഷിയില്‍ തന്നെ തുടരാന്നാണു തീരുമാനം. പ്രായമായവര്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കണമെന്നും നിര്‍ദേശമുണ്ട്.
രാജ്യത്ത് ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളിലേക്കു അധികൃതര്‍ നീങ്ങിയത്. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ക്ക് അനുമതിയില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.