Currency

പുതിയ മന്ത്രിസഭ ഷെയ്ഖ് ജാബിര്‍ മുബാറക് അല്‍ സബാഹ് തന്നെ നയിക്കും

സ്വന്തം ലേഖകന്‍Friday, December 2, 2016 10:01 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ മന്ത്രിസഭയെ ഷെയ്ഖ് ജാബിര്‍ മുബാറക് അല്‍ സബാഹ് തന്നെ നയിക്കും. മന്ത്രിമാരെ തീരുമാനിക്കാന്‍ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി. മന്ത്രിസഭ രൂപീകരണം പൂര്‍ത്തിയാകും വരെ നിലവിലെ മന്ത്രിമാര്‍ അധികാരത്തില്‍ തുടരും. മുന്‍ പ്രധാനമന്ത്രി ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ ഹമദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ്, മുന്‍ സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം എന്നിവരെ ബുധനാഴ്ച അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് ബയാന്‍ പാലസില്‍ സ്വീകരിച്ചു.

കുവൈത്ത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 57 പ്രകാരം പുതിയ പാര്‍ലമെന്റ് രൂപീകരണത്തിന് മുന്നോടിയായി മന്ത്രിസഭ പുനസ്സംഘടിപ്പിക്കേണ്ടതുണ്ട്. ഇതനുസരിച്ച് തിങ്കളാഴ്ച പ്രധാനമന്ത്രി അമീറിന് രാജി സമര്‍പ്പിച്ചിരുന്നു. മന്ത്രിമാരെ തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കാബിനറ്റ് അംഗങ്ങളെ അമീര്‍ അംഗീകരിക്കുന്നതോടെയാണ് മന്ത്രിസഭാ രുപീകരണം പൂര്‍ത്തിയാക്കുക.

ഡിസംബര്‍ 11നു പതിനഞ്ചാം പാര്‍ലമെന്റിന്റെ ആദ്യയോഗം ചേരുന്നതിനു മുന്‍പ് മന്ത്രി മാരുടെ കാര്യത്തില്‍ അന്തിമ രൂപം ആകും. ഷെയ്ഖ് ജാബിര്‍ തന്നെ പ്രധാനമന്ത്രിയാകുമെന്നുറപ്പായ സാഹചര്യത്തില്‍ അദ്ദേഹത്തിനൊപ്പം മന്ത്രി സഭയില്‍ ഉണ്ടായിരുന്ന പലരും കാബിനറ്റില്‍ തുടരാനാണ് സാധ്യത. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 103 പ്രകാരം പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നത് വരെ നിലവിലെ മന്ത്രിമാര്‍ക്കു തന്നെയാകും ഭരണചുമതല


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x