Currency

ചെമ്മീന്‍വേട്ട വിലക്ക് നീങ്ങി; ഇഷ്ട വിഭവം വിപണിയിലെത്തും

സ്വന്തം ലേഖകന്‍Thursday, August 1, 2019 3:21 pm

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സമുദ്രപരിധിയില്‍നിന്ന് ചെമ്മീന്‍ പിടിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങി. ആഗസ്റ്റ് ഒന്നുമുതല്‍ ജനുവരി 31 വരെയാണ് കുവൈത്തില്‍ ചെമ്മീന്‍ വേട്ടക്ക് അനുമതിയുള്ളത്. പ്രജനന സമയം കണക്കിലെടുത്താണ് ഫെബ്രുവരി ഒന്നുമുതല്‍ ജൂലൈ 31 വരെ വിലക്ക് ഏര്‍പ്പെടുത്തുന്നത്.

കാര്‍ഷിക മത്സ്യവിഭവ സംരക്ഷണ അതോറിറ്റി, തീര സംരക്ഷണ സേന, മത്സ്യബന്ധന യൂണിയന്‍ എന്നിവയുടെ നേതൃത്വത്തില്‍ സീസണ് മുന്നോടിയായി ഒരുക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാസങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷം ഇഷ്ടവിഭവമായ തദ്ദേശീയ ചെമ്മീന്‍ വീണ്ടും സ്വദേശികളുടെയും വിദേശികളുടെയും തീന്‍മേശകളില്‍ സ്ഥാനം പിടിക്കും. ആദ്യദിവസങ്ങളില്‍ വില കൂടുതലായിരിക്കുമെങ്കിലും പിന്നീട് കുറയും.

സ്വദേശികളുടെ തീന്‍മേശയിലെ ഇഷ്ട വിഭവങ്ങളിലൊന്നാണ് ചെമ്മീന്‍. രാജ്യത്തിന്റെ സമുദ്രപരിധിയില്‍നിന്ന് പിടിക്കുന്ന ചെമ്മീന്‍ മറ്റുള്ളതിനേക്കാള്‍ രുചികരമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. അറേബ്യന്‍ തീരത്തുതന്നെ ഏറ്റവും കൂടുതല്‍ ചെമ്മീനുള്ള മേഖലയാണ് കുവൈത്ത് തീരം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x