Currency

യുഎഇയിലെ ചില സ്‌കൂളുകള്‍ക്ക് 13 വരെ അവധി; നേരത്തെ അപേക്ഷ നല്‍കിയ സ്‌കൂളുകള്‍ക്ക് മാത്രം അവധി ബാധകം

സ്വന്തം ലേഖകന്‍Sunday, February 9, 2020 1:37 pm

അബുദാബി: അബുദാബിയിലെ ചില സ്വകാര്യ സ്‌കൂളുകള്‍ക്ക് ഇന്നുമുതല്‍ ഫെബ്രുവരി 13 വരെ അവധി പ്രഖ്യാപിച്ചു. അക്കാദമിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ അബുദാബി എജ്യുക്കേഷന്‍ ആന്റ് നോളജ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രത്യേക അനുമതി വാങ്ങിയിട്ടുള്ള സ്‌കൂളുകള്‍ക്ക് മാത്രമാണ് ഇപ്പോഴത്തെ മിഡ് ടേം ബ്രേക്ക് ബാധകമാവുന്നത്. മറ്റ് സ്‌കൂളുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.

എല്ലാ സ്വകാര്യ സ്‌കൂളുകള്‍ക്കും ഈ അവധി ബാധകമല്ലെന്നും ഈ സമയത്തെ പതിവ് അവധിക്കുവേണ്ടി നേരത്തെ തന്നെ അപേക്ഷ നല്‍കിയ സ്‌കൂളുകള്‍ക്ക് മാത്രമാണ് അത് ബാധകമാവുകയെന്നും അബുദാബി എജ്യുക്കേഷന്‍ ആന്റ് നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ അറിയിച്ചു. എല്ലാ സ്‌കൂളുകള്‍ക്കും സ്വന്തമായ അക്കാദമിക് കലണ്ടറുണ്ട്. അതുപ്രകാരം ചില സ്‌കൂളുകള്‍ ഈ സമയത്ത് അവധി പ്രഖ്യാപിക്കാറുമുണ്ട്. ഇത് വിദ്യാര്‍ത്ഥികളുടെ പഠനത്തെയോ പ്രകടനത്തെയോ ഒരു തരത്തിലും ബാധിക്കില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അക്കാദമിക വര്‍ഷത്തില്‍ പരീക്ഷാ ദിനങ്ങള്‍ ഉള്‍പ്പെടെ 285 സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളുണ്ടാകണമെന്നാണ് അബുദാബി എജ്യുക്കേഷന്‍ ആന്റ് നോളജ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിയമം. പ്രവൃത്തി ദിനങ്ങളുടെ എണ്ണം 175ല്‍ കുറയാനും പാടില്ല. ഇതനുസരിച്ച് ആകെ 90 ദിവസമേ സ്‌കൂളുകള്‍ക്ക് അവധി ലഭിക്കുകയുള്ളൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x