Currency

സ്വകാര്യ നഴ്‌സറികളെ നിരീക്ഷിക്കാന്‍ പ്രത്യേക സമിതി; നടപടി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍

സ്വന്തം ലേഖകന്‍Sunday, August 25, 2019 12:20 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ നഴ്‌സറികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സാമൂഹിക ക്ഷേമവകുപ്പ്. രാജ്യത്ത് അറുനൂറോളം സ്വകാര്യ നഴ്സറികള്‍ പ്രവര്‍ത്തിക്കുന്നതായും ഇവിടെയെല്ലാം അടുത്ത ദിവസങ്ങളില്‍ സമിതി പരിശോധനക്കെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. താമസകേന്ദ്രങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വകാര്യ നഴ്സറികള്‍ ബുദ്ധമുട്ടുണ്ടാക്കുന്നതായി ചില താമസക്കാര്‍ പരാതി നല്‍കിയിരുന്നു. ചിലയിടങ്ങളില്‍ കുട്ടികളുടെ സുരക്ഷക്കാവശ്യമായ ഉപകരണങ്ങളും വസ്തുക്കളും ഇല്ല എന്നതും അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് പ്രത്യേക നിരീക്ഷണ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. നഴ്സറികള്‍ സന്ദര്‍ശിച്ചു പ്രശനങ്ങള്‍ നേരിട്ട് മനസിലാക്കി പരിഹരിക്കാനുള്ള ഉത്തരവാദിത്തം പുതിയ സമിതിക്കു ഉണ്ടായിരിക്കുമെന്ന് സാമൂഹിക ക്ഷേമ വകുപ്പു അണ്ടര്‍ സെക്രട്ടറി, ഹന അല്‍ ഹാജിരി വ്യക്തമാക്കി. സ്വകാര്യ നഴ്സറികള്‍ക്കു ലൈസന്‍സു അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നഴ്സറികള്‍ നിയമം ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും അണ്ടര്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x