Currency

റിപ്പബ്ലിക് ദിന ഓഫര്‍: സ്‌പൈസ് ജെറ്റ് ടിക്കറ്റിന് വെറും 769 രൂപ മാത്രം

സ്വന്തം ലേഖകന്‍Tuesday, January 23, 2018 4:35 pm

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്‌പൈസ് ജെറ്റ് വന്‍ ഓഫറുമായി രംഗത്ത്. കുറഞ്ഞ കാലയളവിലേയ്ക്കുള്ള പ്രമോഷണല്‍ വില്‍പ്പനയുമായാണ് സ്‌പൈസ് ജെറ്റ് രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുത്ത റൂട്ടുകളിലേയ്ക്കുള്ള ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്കാണ് നിരക്കിളവ് ലഭിക്കുന്നത്. ആഭ്യന്തര റൂട്ടുകള്‍ക്ക് 769 രൂപയും അന്താരാഷ്ട്ര റൂട്ടുകള്‍ക്ക് 2,469 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ജനുവരി 25 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ഈ ഓഫര്‍ സൗകര്യം ലഭ്യമാണ്. 2018 ഡിസംബര്‍ 12 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകള്‍ ഇത്തരത്തില്‍ ബുക്ക് ചെയ്യാവുന്നതാണ്.

769 രൂപയ്ക്ക് യാത്ര ചെയ്യാവുന്ന ആഭ്യന്തര റൂട്ടുകള്‍ ഇവയാണ്: ജമ്മു- ശ്രീനഗര്‍, സില്‍ചാര്‍- ഗുവാഹത്തി, ഡെറാഡൂണ്‍- ഡല്‍ഹി, ഡല്‍ഹി- ജയ്പൂര്‍, അഗര്‍ത്തല- ഗുവാഹത്തി, കോയമ്പത്തൂര്‍- ബംഗളുരു, കൊച്ചി- ബംഗളുരു, ഡല്‍ഹി- ഡെറാഡൂണ്‍.

അന്താരാഷ്ട്ര യാത്ര: ചെന്നൈയില്‍ നിന്ന് കൊളംബോ വരെയുള്ള അന്താരാഷ്ട്ര സര്‍വ്വീസാണ് 2,469 രൂപയ്ക്ക് ലഭിക്കുക. മറ്റ് സ്ഥലങ്ങളിലേയ്ക്ക് ഓഫര്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല.

സ്‌പൈസ് ജെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.spicejet.com വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍, ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുകള്‍, ട്രാവല്‍ ഏജന്റുമാര്‍ എന്നിവയിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. സ്‌പൈസ് ജെറ്റിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്കും വീണ്ടും നിരക്ക് ഇളവ് ലഭിക്കും. കൂടാതെ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം അധിക ഡിസ്‌കൗണ്ട് ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x