Currency

സൗദിയില്‍ വീട്ട് ഡ്രൈവര്‍, വീട്ടുജോലിക്കാര്‍ എന്നിവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം പുനരാരംഭിച്ചു

സ്വന്തം ലേഖകന്‍Saturday, February 1, 2020 12:31 pm

റിയാദ്: വീട്ട് ഡ്രൈവര്‍, മറ്റ് വീട്ടുജോലി വിസകളിലുള്ളവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം പുനരാരംഭിച്ചു. വ്യക്തിയുടെ കീഴില്‍ വീട്ട് ഡ്രൈവര്‍, വീട്ടുവേലക്കാരി പോലുള്ള ഗാര്‍ഹിക വിസകളില്‍ കഴിയുന്നവര്‍ക്ക് ഒരു സ്ഥാപനത്തിന്റെ പേരിലേക്ക് വിസയും ഒപ്പം തസ്തികയും (പ്രഫഷന്‍) മാറ്റാനുള്ള അനുമതിയാണ് മന്ത്രാലയം നല്‍കിത്തുടങ്ങിയത്. ലേബര്‍ ബ്രാഞ്ച് ഓഫീസുകള്‍ വഴി നേരിട്ട് മാത്രമേ ഈ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ. ഓണ്‍ലൈനിലൂടെ ഈ സേവനം ലഭിക്കില്ല. ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഇത് പുനരാരംഭിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കര്‍ശന നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് സ്‌പോണ്‍സര്‍ഷിപ്പ്, പ്രഫഷന്‍ മാറ്റം. ഇഖാമ ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലത്തേക്ക് പുതുക്കിയതാകാന്‍ പാടില്ല എന്നതാണ് പ്രധാന നിബന്ധന. തിരിച്ച് സ്ഥാപനത്തില്‍ നിന്ന് വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറാനും അനുവദിക്കില്ല. പ്രഫഷനും സ്‌പോണ്‍സര്‍ഷിപ്പും മാറാനുള്ള അപേക്ഷാഫോറത്തിന്റെ മാതൃകയും മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൊഴിലാളിയുടെ പേര്, ഇഖാമ നമ്പര്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങളാണ് അപേക്ഷയില്‍ പൂരിപ്പിക്കേണ്ടത്.

സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്ന പുതിയ സ്ഥാപനം നിതാഖാത് പ്രകാരം ഇടനിലയിലുള്ള പച്ച കാറ്റഗറിയിലെങ്കിലും ആയിരിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x