Currency

കാലാവധി തീര്‍ന്ന ‘ഫൈനല്‍ എക്‌സിറ്റ് വിസ’ റദ്ദാക്കാന്‍ ആയിരം റിയാല്‍ പിഴ

സ്വന്തം ലേഖകന്‍Monday, November 25, 2019 12:26 pm

റിയാദ്: സൗദിയില്‍ ഇനിമുതല്‍ കാലാവധി തീര്‍ന്ന ഫൈനല്‍ എക്‌സിറ്റ് വിസ റദ്ദാക്കാന്‍ ആയിരം റിയാല്‍ പിഴ അടക്കേണ്ടിവരും. ഫൈനല്‍ എക്‌സിറ്റ് വിസ ലഭിച്ചതിനു ശേഷം 2 മാസത്തിനുള്ളില്‍ രാജ്യം വിടണമെന്നാണ് നിലവിലെ നിയമം. എന്നാല്‍ ഈ കാലാവധിക്കുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ പിന്നീട് ഈ വിസ റദ്ദാക്കുന്നതിനും പുതിയ എക്‌സിറ്റ് വിസ അടിക്കുന്നതിനുമായി 1000 റിയാല്‍ പിഴ ചുമത്തും. താമസരേഖയില്‍ കാലാവധി ഉണ്ടെങ്കില്‍ മാത്രമേ എക്‌സിറ്റ് വിസ ലഭിക്കുകയുമുള്ളൂ. റീ എന്‍ട്രി വിസയില്‍ രാജ്യത്തിന് പുറത്തുപോയി വിസ കാലാവധി തീരുന്നതിനു മുമ്പ് തിരിച്ചെത്തിയില്ലെങ്കില്‍ അവര്‍ക്കു പിന്നീടുള്ള 3 വര്‍ഷത്തിനുള്ളില്‍ വീണ്ടും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല.

വിസ കാലാവധി അവസാനിച്ചു 2 മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ അത്തരം ആളുകളുടെ വിവരങ്ങള്‍ പാസ്‌പോര്‍ട് വിഭാഗം കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ രാജ്യത്തിന് പുറത്തുപോയി തിരിച്ചെത്തിയില്ല എന്ന രീതിയില്‍ സ്വമേധയാ തന്നെ മാറും. അത്തരം ആളുകള്‍ക്ക് 3 വര്‍ഷത്തിന് ശേഷം നേരത്തെയുണ്ടായിരുന്ന സ്പോണ്‍സറുടെ കീഴില്‍ തന്നെ സൗദിയിലേക്ക് തിരിച്ചെത്താനാവും.

ഒരിക്കല്‍ ഇഷ്യൂ ചെയ്ത റീ-എന്‍ട്രി വിസയില്‍ പിന്നീട് മാറ്റം വരുത്താന്‍ സാധിക്കില്ല. എന്നാല്‍ നിലവിലെ റീ-എന്‍ട്രി വിസ റദ്ദാക്കി ആവശ്യമായ ഫീ അടച്ചു പുതിയ വിസ ഇഷ്യൂ ചെയ്യാവുന്നതാണ്. താമസ രേഖ കാലാവധി അവസാനിച്ചു 3 ദിവസം വരെ പിഴയില്ലാതെ പുതുക്കാന്‍ സാധിക്കും. അതും കഴിഞ്ഞ ശേഷം പുതുക്കുമ്പോള്‍ ആദ്യ തവണ 500 ഉം രണ്ടാം തവണ 1000 റിയാല്‍ വീതവും പിഴ അടക്കേണ്ടിവരും. ഇത് മൂന്നാം തവണയും ആവര്‍ത്തിച്ചാല്‍ അത്തരക്കാരെ നാടുകടത്തുമെന്നും സൗദി ജവാസാത്ത് വ്യത്തങ്ങള്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x