Currency

കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തണമെന്ന് പാര്‍ലമെന്റില്‍ പ്രമേയം

സ്വന്തം ലേഖകന്‍Tuesday, April 4, 2017 2:12 pm

വിദേശ പൗരന്‍മാര്‍ക്ക് വരുന്ന ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് അനുവദിക്കരുതെന്നാണ് അല്‍ഹാഷിം എംപിയുടെ പുതിയ നിര്‍ദേശം. വീടുകളില്‍ ഡ്രൈവര്‍ജോലി ചെയ്യുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് നല്‍കണം.

 

കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തണമെന്ന് കുവൈത്ത് പാര്‍ലമെന്റില്‍ നിര്‍ദേശം. പാര്‍ലിമെന്റിലെ ഏക വനിതാ അംഗമായ സഫാ അല്‍ഹാഷിം ആണ് ലൈസന്‍സ് അനുവദിക്കുന്നത് നിര്‍ത്തണമെന്ന കരട് നിര്‍ദേശം മുന്നോട്ടു വെച്ചത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സ്വദേശി അഭിഭാഷകന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

റോഡ് ഉപയോഗിക്കുന്നതിന് വിദേശികളില്‍ നിന്ന് ഫീസ് ഈടാക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ മറ്റൊരു പ്രമേയം സഫാ അല്‍ഹാഷിം അവതരിപ്പിച്ചിരുന്നു. വിദേശ പൗരന്‍മാര്‍ക്ക് വരുന്ന ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് അനുവദിക്കരുതെന്നാണ് അല്‍ഹാഷിം എംപിയുടെ പുതിയ നിര്‍ദേശം. വീടുകളില്‍ ഡ്രൈവര്‍ജോലി ചെയ്യുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് നല്‍കണം. രാജ്യത്തെ വന്‍കിട റോഡ് വികസനപദ്ധതികള്‍ പൂര്‍ത്തിയായാല്‍ നിയന്ത്രണങ്ങളോടെ വീണ്ടും വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നുമാണ് എംപിയുടെ നിര്‍ദേശത്തിലുള്ളത്.

വിദേശികളുടെ ലൈസന്‍സിനെ അവരുടെ തൊഴില്‍ പെര്‍മിറ്റുമായി ബന്ധിപ്പിച്ച് വ്യാജ ലൈസന്‍സിന്റെ വ്യാപനം തടയണമെന്നാണ് മറ്റൊരാവശ്യം. സ്വന്തം നാട്ടില്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവരെ മാത്രമേ ഇവിടെ ലൈസന്‍സിന് പരിഗണിക്കാവൂ എന്നും പ്രമേയത്തിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x