
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആരോഗ്യമന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാരുടെയും വിദ്യാഭ്യാസ യോഗ്യത പുനഃപരിശോധിക്കാന്‍ തീരുമാനം. ഡോക്ടര്‍മാര്‍ നഴ്സുമാര്‍ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാരുടെയും അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പു വരുത്തുന്നതിനാണ് നടപടി.
ആരോഗ്യമന്ത്രി ഡോ. ബസ്സില്ല സബാഹ് ആണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷമ പരിശോധന നടത്താനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാധുതാ പരിശോധനയില്‍ സംശയം തോന്നിയ ഏതാനും ഉദ്യോഗസ്ഥരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തുടര്‍ പരിശോധനക്കായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യത ഉറപ്പുവരുത്താനും വ്യാജ യോഗ്യതകള്‍ സമര്‍പ്പിച്ചു തൊഴില്‍ നേടിയവരെ കണ്ടെത്താനും മന്ത്രിസഭ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നു. അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലിയോ പ്രൊമോഷനോ നേടിയ ഏതാനും ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ നിയമനടപടി ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.