
അബൂദബി: ഇത്തിഹാദ് വിമാനങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം അവതരിപ്പിക്കുന്നു. യാത്രയ്ക്കിടെ യുട്യൂബ് വീഡിയോകളും ഫേസ്ബുക്ക് പോസ്റ്റുകളും വാട്ട്‌സാപ്പ് സന്ദേശങ്ങളും കാണാവുന്ന തരത്തിലാണ് ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്നത്. 2018 അവസാനത്തോടെയാണ് ഈ ‘വൈഫ്‌ലൈ’ സംവിധാനം നടപ്പാവുക. ഇതോടെ ഇത്രയും വേഗതയുള്ള ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്ന ആദ്യ വിമാനക്കമ്പനിയാകും ഇത്തിഹാദ്.
യഹ്‌സാറ്റ് സാറ്റലൈറ്റ് ഓപറേറ്ററുമായും ഡു ടെലികോം കമ്പനിയുമായും സഹകരിച്ചാണ് ഇത്തിഹാദ് ‘വൈഫ്‌ലൈ’ സൗകര്യം ഒരുക്കുക. വിമാനയാത്രക്കാരുടെ മൊബൈല്‍ ഫോണുകളിലും ടാബ്‌ലറ്റുകളിലും കമ്പ്യൂട്ടറുകളിലും സെക്കന്റില്‍ 50 മെഗാബൈറ്റ് സ്പീഡില്‍ ഇന്റര്‍നെറ്റ് ഡാറ്റ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യാഴാഴ്ച സ്വയ്ഹാന്‍ മരുഭൂമിയില്‍ സംഘടിപ്പിച്ച പരീക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാനത്തിന്റെ വാല്‍ച്ചിറകിന്റെ സമീപത്ത് ഉറപ്പിക്കുന്ന കുംഭഗോപുരത്തിലെ രണ്ട് ആന്റിനകളും വിമാനത്തിനകത്ത് സ്ഥാപിക്കുന്ന വൈഫൈ റൂട്ടറുകളും ഉപയോഗിച്ചായിരിക്കും വിമാനത്തില്‍ വൈഫൈ ലഭ്യമാക്കുക. അടുത്ത മാസം നടക്കുന്ന ദുബായ് എയര്‍ ഷോയില്‍ സംവിധാനം ഘടിപ്പിച്ച ഇത്തിഹാദ് വിമാനം പ്രദര്‍ശിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനയാത്രയില്‍ യാത്രക്കാര്‍ വൈഫൈ കണക്ഷന്‍ ആഗ്രഹിക്കുന്നുവെന്ന് പഠനങ്ങളില്‍ വ്യക്തമായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.