Currency

യു.എ.ഇയില്‍ വിശ്വാസാചാരങ്ങളെ അപമാനിച്ചാല്‍ 5 വര്‍ഷം തടവും 10 ലക്ഷം പിഴയും

സ്വന്തം ലേഖകന്‍Wednesday, January 8, 2020 10:59 am

അബൂദബി: മതനിന്ദയ്ക്ക് കടുത്ത ശിക്ഷയുമായി യു.എ.ഇ. മറ്റു വിശ്വാസങ്ങളെ അപമാനിക്കുന്നത് മതനിന്ദയായി കണക്കാക്കുമെന്നും അഞ്ചു വര്‍ഷം വരെ തടവും 10 ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷയായി ലഭിക്കുകയെന്നും യു.എ.ഇ അറിയിച്ചു. മതത്തിന്റെയും വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും പേരിലെ വിവേചനങ്ങള്‍ക്കും ഭിന്നതകള്‍ക്കും രാജ്യം തീര്‍ത്തും എതിരാണെന്നും അതിനെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ സാമൂഹിക ഉത്തരവാദിത്വ വിഭാഗം വിദഗ്ധ അമീന അല്‍ മസ്‌റൂഇ വ്യക്തമാക്കി.

സഹിഷ്ണുതയുടെ കേന്ദ്രമായി യു.എ.ഇയെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഫെഡറല്‍ നിയമപ്രകാരം വിവേചനവും വിദ്വേഷവും എല്ലാ അര്‍ഥത്തിലും തടയാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ലോകത്തെ ആര്‍ക്കും തങ്ങളുടെ മതം പിന്‍പറ്റി ജീവിക്കുവാനും ജോലി ചെയ്യുവാനും സൗകര്യമൊരുക്കിയിരിക്കുന്ന രാജ്യമാണ് യു.എ.ഇ. സഹിഷ്ണുതയാണ് യു.എ.ഇ മുഖമുദ്ര. മറ്റുള്ളവരുടെ അവകാശങ്ങളും ആചാരങ്ങളും നമ്മുടേത് പോലെത്തന്നെ പ്രധാനമാണെന്നതിനാല്‍ വികാരങ്ങളെ വൃണപ്പെടുത്തുന്നത് വലിയ കുറ്റമായാണ് വിലയിരുത്തുന്നത്.

മതവിശ്വാസങ്ങളെ അവഹേളിക്കുക, പ്രവാചകരെ നിന്ദിക്കുക, വേദ ഗ്രന്ഥങ്ങളെ അവഹേളിക്കുക, ദേവാലങ്ങളെ അപമാനിക്കുക എന്നിവയൊക്കെ മതനിന്ദയായി കണക്കാക്കി നിയമ നടപടികളുണ്ടാവും. സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്ന ഘട്ടത്തിലും നിയമം ബാധകമാണ്. എല്ലാ വിധ സ്വാതന്ത്ര്യവും രാജ്യം ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്, എന്നാല്‍ മറ്റുളളവരുടെ വിശ്വാസങ്ങളും വികാരങ്ങളും മുറിപ്പെടുത്താന്‍ ആര്‍ക്കും അനുവാദമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x