
അബുദബി: സന്ദര്‍ശക, വിനോദ, ആശ്രിത വിസയില്‍ രാജ്യത്തേക്കു വരുന്നവര്‍ ജോലി ചെയ്യുന്നതു നിയമലംഘനമാണെന്ന് മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മന്ത്രാലയത്തില്‍നിന്നു തൊഴില്‍ പെര്‍മിറ്റ് നേടുകയാണു ജോലി ചെയ്യാനുള്ള ആദ്യപടി. തൊഴില്‍ കരാര്‍, ലേബര്‍ കാര്‍ഡ്, യുഎഇ തിരിച്ചറിയല്‍ കാര്‍ഡ്, വൈദ്യപരിശോധന, പാസ്‌പോര്‍ട്ടില്‍ വിസ പതിക്കുക തുടങ്ങിയ ഘട്ടങ്ങളെല്ലാം പൂര്‍ത്തിയാക്കണം. ഔദ്യോഗിക തൊഴില്‍രേഖകള്‍ ഇല്ലാതെ നിയമനം നല്‍കിയാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും എന്നും മന്ത്രാലയം അറിയിച്ചു.
ടൂറിസ്റ്റ്, സന്ദര്‍ശക വിസകളില്‍ വിദേശങ്ങളില്‍നിന്നു തൊഴിലാളികളെ കൊണ്ടുവന്നു ജോലി ചെയ്യിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. നിര്‍മാണമേഖലയിലെ സ്ഥാപനങ്ങള്‍ ഹ്രസ്വകാല വീസയില്‍ എന്‍ജിനീയര്‍മാരെ കൊണ്ടുവരുന്നതായി പരാതി ഉയര്‍ന്നിരുന്നു. മന്ത്രാലയത്തില്‍നിന്നു തൊഴില്‍ പെര്‍മിറ്റില്ലാതെയും പാസ്‌പോര്‍ട്ടില്‍ വിസ പതിക്കാനുള്ള വൈദ്യപരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതെയുമാണ് ഇവരെ ജോലിക്കെടുക്കുന്നത്.
കമ്പനികളുടെ നിര്‍ദിഷ്ട പദ്ധതികള്‍ പൂര്‍ത്തിയായാല്‍ ഈ തൊഴിലാളികളെ സ്വദേശത്തേക്കു തിരിച്ചയയ്ക്കുകയാണു പതിവ്. പുതുതായി പഠനം പൂര്‍ത്തീകരിച്ചു പുറത്തിറങ്ങിയ യുവ എന്‍ജിനീയര്‍മാരെ ഇത്തരത്തില്‍ കമ്പനികള്‍ പ്രയോജനപ്പെടുത്തുന്നതായും കണ്ടെത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.