Currency

ട്രാന്‍സ് പസഫിക് പങ്കാളിത്ത വ്യാപാര കരാറില്‍ നിന്ന് പിന്‍മാറുമെന്ന് ട്രംപ്

സ്വന്തം ലേഖകന്‍Wednesday, November 23, 2016 10:35 am

താന്‍ അധികാരത്തിലെത്തി ആദ്യദിനം തന്നെ ട്രാന്‍സ് പസഫിക് പങ്കാളിത്ത വ്യാപാര കരാറില്‍ (ടിപിപി) നിന്ന് അമേരിക്ക പിന്‍മാറുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനുവരിയില്‍ ഓഫീസിലെത്തുന്ന ആദ്യ ദിനം തന്നെ കൈക്കൊള്ളുന്ന ആറ് നടപടികളും ട്രംപ് പ്രഖ്യാപിച്ചു.

വാഷിങ്ടണ്‍: താന്‍ അധികാരത്തിലെത്തി ആദ്യദിനം തന്നെ ട്രാന്‍സ് പസഫിക് പങ്കാളിത്ത വ്യാപാര കരാറില്‍ (ടിപിപി) നിന്ന് അമേരിക്ക പിന്‍മാറുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനുവരിയില്‍ ഓഫീസിലെത്തുന്ന ആദ്യ ദിനം തന്നെ കൈക്കൊള്ളുന്ന ആറ് നടപടികളും ട്രംപ് പ്രഖ്യാപിച്ചു.

ജപ്പാന്‍, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ, മെക്‌സിക്കോ അടക്കം 12 രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ട്രാന്‍സ് പസഫിക പങ്കാളിത്ത വ്യാപാര കരാര്‍. 2015 ല്‍ ധാരണയായ കരാര്‍ പക്ഷേ ഇതുവരെ നടപ്പിലായിട്ടില്ല. അംഗ രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കിയ കരാര്‍ യഥാര്‍ത്ഥത്തില്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് വിമര്‍ശം ഉയര്‍ന്നിരുന്നു. അമേരിക്ക ഇല്ലാത്ത ട്രാന്‍സ് പസഫിക് കരാര്‍ അര്‍ത്ഥശൂന്യമാണെന്ന് ജപ്പാന്‍ പ്രതികരിച്ചു.

ഊര്‍ജ്ജ ഉത്പാദനത്തിനുള്ള പരിധികള്‍ എടുത്തുകളയുക, വ്യവസായങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക, സൈബര്‍ ആക്രമണങ്ങളെ ചെറുക്കാന്‍ പദ്ധതി തയ്യാറാക്കുക, അമേരിക്കന്‍ പൗരന്‍മാര്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന തരത്തിലുള്ള വിസ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുക, സര്‍ക്കാരിനെതിരെ ലോബിയിങ് നടത്തുന്നവര്‍ക്ക് 5 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുക എന്നിവയാണ് താന്‍ ആദ്യദിനം നിര്‍വഹിക്കുന്ന പദ്ധതികളായി ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ ഒബാമ കെയര്‍ പദ്ധതി റദ്ദാക്കുന്നത് സംബന്ധിച്ചും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നത് സംബന്ധിച്ചും ട്രംപ് മൗനം പാലിച്ചു. അധികാരത്തിലെത്തിയാല്‍ ആദ്യദിനം തന്നെ ഇക്കാര്യങ്ങളില്‍ നടപടി ഉണ്ടാകുമെന്നാണ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പറഞ്ഞിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x