വാഷിങ്ടണ്‍: എച്ച് 1ബി, എല്‍ 1ബി വിസകളുടെ അപേക്ഷ ഫീസ് വര്‍ധിപ്പിച്ച് ട്രംപ് ഭരണകൂടം. ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ ആവശ്യങ്ങള്‍ക്ക് യുഎസില്‍ എത്തുന്നവര്‍ക്ക് അനുവദിക്കുന്ന എച്ച് 1ബി വിസയുടെ അപേക്ഷാ ഫീസ് 21 ശതമാനവും എല്‍ 1ബി വിസയുടെ അപേക്ഷാ ഫീസ് 75 ശതമാനവുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ എച്ച് 1ബി വിസയ്ക്കുള്ള അപേക്ഷ തുക നിലവിലുള്ള 460 ഡോളറില്‍ നിന്ന് 555 ഡോളറായി ഉയരും. ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫറിന് ഉപയോഗിക്കുന്ന എല്‍ 1 വിസകള്‍ക്കുള്ള അടിസ്ഥാന ഫയലിംഗ് ഫീസ് 805 ഡോളറായും ഉയരും. ഒക്ടോബര്‍ മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.
സാധാരണയായി സ്പോണ്സര് ചെയ്യുന്ന തൊഴിലുടമയാണ് വിസയ്ക്കുള്ള അപേക്ഷാ ഫീസ് വഹിക്കുന്നത്, അതിനാല്‍ തന്നെ ഈ വര്‍ധനവ് വിദേശ ജോലിക്കാരെ നിയമിക്കുന്നതും ഡെപ്യൂട്ടേഷനും കൂടുതല്‍ ചെലവേറിയതാക്കും. 50-ല്‍ കൂടുതല്‍ ജീവനക്കാരുള്ള കമ്പനികള്‍, അതില്‍ 50 ശതമാനത്തില്‍ കൂടുതല്‍ എച്ച് -1 ബി അല്ലെങ്കില്‍ എല്‍ -1 സ്റ്റാറ്റസിലുള്ളവരാണെങ്കില്‍, ഓരോ പുതിയ എച്ച് -1 ബി വിസയ്ക്ക് നിലവില്‍ 4000 ഡോളറും എല്‍ -1 ബി വിസയ്ക്ക് 4,500 ഡോളറും അധിക ഫീസ് നല്‍കണം. മാത്രമല്ല വിസ പുതുക്കലിനായും ഫീസ് നല്‍കേണ്ടതുണ്ട്. എച്ച് 1ബി വിസ ഏറ്റവും കൂടുതലായും പ്രയോജനപ്പെടുത്തുന്നത് ഇന്ത്യന്‍ ഐടി കമ്പനികളാണ്.
കുടിയേറ്റം നിയന്തിക്കുന്നതിനും തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും സഹായിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി അടുത്ത് എച്ച് 1ബി, എല്‍ 1, മറ്റ് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ എന്നിവയില്‍ ഈ വര്‍ഷം അവസാനം വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് സര്ക്കാന് തീരുമാനിച്ചിരുന്നു. വിസ നിരോധത്തോടൊപ്പം അപേക്ഷാ ഫീസും വര്‍ധിപ്പിച്ച യുഎസിന്റെ തീരുമാനം പുറത്ത് വന്നതോടെ ഇന്ത്യന്‍ കമ്പനികള്‍ക്കും പ്രഫഷണലുകള്‍ക്കും ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.