Currency

വീണ്ടും വോട്ടെണ്ണുന്നതിനെതിരെ ട്രംപ്

സ്വന്തം ലേഖകന്‍Monday, November 28, 2016 8:59 am

പുനര്‍ വോട്ടെണ്ണലും, ഇതിന് ഡെമോക്രാറ്റിക് പാര്‍ട്ടി പിന്തുണ നല്‍കുന്നതും, കുംഭകോണത്തിന്റെ ഭാഗമാണെന്നും ട്രംപ് ആരോപിച്ചു.

യുഎസ്: ഹാക്കര്‍മാര്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന പരാതിയില്‍ വീണ്ടും വോട്ടെണ്ണാനുള്ള തീരുമാനത്തിനെതിരെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്. പുനര്‍ വോട്ടെണ്ണലും, ഇതിന് ഡെമോക്രാറ്റിക് പാര്‍ട്ടി പിന്തുണ നല്‍കുന്നതും, കുംഭകോണത്തിന്റെ ഭാഗമാണെന്നും ട്രംപ് ആരോപിച്ചു. ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി നല്‍കിയ പരാതിയില്‍ വിസ്‌കോസിന്‍ സ്റ്റേറ്റിലാണ് വീണ്ടും വോട്ടെണ്ണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

ഇലക്ട്രോണിക് മെഷിന്‍ ഉപയോഗിച്ചുള്ള വോട്ടെടുപ്പില്‍ നിര്‍ണായക സ്റ്റേറ്റുകളിലടക്കം ഭൂരിപക്ഷം നേടിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ജയിച്ചത്. ഈ സംസ്ഥാനങ്ങളില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ഫലം അട്ടിമറിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗ്രീന്‍ പാര്‍ട്ടി പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിസ്‌കോസിനില്‍ ഡിസംബര്‍ 13ന് മുമ്പ് പുനര്‍ വോട്ടെണ്ണല്‍ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കും.

ഈ തീരുമാനത്തിനെതിരായാണ് ട്രംപിന്റെ പ്രതികരണം. ഗ്രീന്‍ പാര്‍ട്ടി നടത്തുന്നത് അഴിമതിയാണെന്നും ഇതിന് തോറ്റ ഡെമോക്രാറ്റുകള്‍ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ വോട്ടുകളില്‍ ഭൂരിപക്ഷം ഹിലരിക്കായിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്രീന്‍ പാര്‍ട്ടിയുടെ നീക്കത്തിന് ഡെമോക്രാറ്റിക് പാര്‍ട്ടി പിന്തുണ നല്‍കിയത്. വിസ്‌കോസിന് പുറമെ ട്രംപ് അട്ടിമറി ജയം നേടിയ മിഷിഗണിലും പെന്‍സില്‍വാനിയയിലും പുനര്‍ വോട്ടെണ്ണല്‍ ആവശ്യം ശക്തമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x