Currency

എച്ച്1ബി വിസ നിയന്ത്രിക്കുന്നതിനുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഒപ്പുവെച്ചു

സ്വന്തം ലേഖകൻWednesday, April 19, 2017 6:23 pm

വാഷിംഗ്ടൺ: അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി എച്ച്1ബി വിസയ്ക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ഇന്ത്യൻ ഐടി പ്രഫഷനലുകളെ നേരിട്ടു ബാധിക്കുന്ന ഉത്തരവിലാണ് പ്രസിഡണ്ട് ഒപ്പുവെച്ചിരിക്കുന്നത്.  ടാറ്റ കണ്‍സള്‍ട്ടന്‍സി, കോഗ്നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് കോര്‍പ്പറേഷന്‍, എംഫാസിസ് കോര്‍പ്പറേഷന്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്കും ഇത് കനത്ത തിരിച്ചടിയാണ്.

ഫെഡറൽ കരാറുകളിലൂടെ അമേരിക്കയുടെ ഉൽപന്നങ്ങൾ വാങ്ങുന്നത് വർദ്ധിപ്പിക്കുക, അമേരിക്കക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ബൈ അമേരിക്കൻ, ഹയർ അമേരിക്കൻ പദ്ധതിപ്രകാരമാണ് തീരുമാനം. കൂടുതല്‍ സാങ്കേതിക വൈദഗ്ധ്യമുള്ള വിദേശ ജോലിക്കാരെ നിയമിക്കുമ്പോൾ  കൂടുതല്‍ ശമ്പളം നല്‍കണമെന്നതാണ് പ്രധാന നിർദേശം. കുറഞ്ഞ വേതനത്തിൽ വ്യാപകമായതോതിൽ അമേരിക്കയിലെ കമ്പനികൾ വിദേശികളെ നിയമിക്കുന്നതാണ് ഇതോടെ ഇല്ലാതാകുക.

അതേസമയം നിലവിൽ എച്ച്1ബി വിസയിൽ അമേരിക്കയിൽ കഴിയുന്നവരെ പുതിയ ഉത്തരവ് ബാധിക്കില്ലെന്നാണ് റിപ്പോർട്ട്. എച്ച്1ബി വിസയുടെ 86 ശതമാനവും കംപ്യൂട്ടറും അനുബന്ധ ജോലികൾക്കുമായാണ് ഉപയോഗിക്കുന്നത്. 46.5 ശതമാനം എഞ്ചിനീയറിംഗ് മേഖലയിൽ ഉപയോഗിക്കുന്നു. 2013ലെ കണക്കുകൾ പ്രകരം എച്ച്1ബി വീസയിൽ 4,60,000 പേരാണ് യുഎസിലുള്ളത്. പ്രതിവർഷം 65,000 എച്ച് 1 ബി വിസയാണ് അമേരിക്ക നൽകിവന്നിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x