Currency

അമേരിക്കയില്‍ ആറ് രാജ്യങ്ങള്‍ക്കു കൂടി പ്രവേശന വിലക്ക്

സ്വന്തം ലേഖകന്‍Monday, February 3, 2020 1:46 pm

വാഷിങ്ടണ്‍: കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി ആറു രാജ്യങ്ങള്‍ക്കു കൂടി അമേരിക്കയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം. മ്യാന്‍മര്‍, എറിട്രിയ, കിര്‍ഗിസ്താന്‍, നൈജീരിയ, സുഡാന്‍, ടാന്‍സാനിയ എന്നീ രാജ്യങ്ങള്‍ക്കാണ് പുതുതായി പ്രവേശന വിലക്ക് ഏറപ്പെടുത്തുക. പ്രവേശന വിലക്ക് വന്നതോടെ ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യു.എസ് വിസ നല്‍കുകയോ രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുകയോ ചെയ്യില്ല. കുടിയേറ്റക്കാര്‍ക്കാണ് ഇതു ബാധകം. അല്ലാത്തവര്‍ക്ക് വിസക്കു വിലക്കുണ്ടാകില്ല.

പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വികസിപ്പിക്കുമെന്ന് കഴിഞ്ഞമാസം ട്രംപ് പറഞ്ഞിരുന്നു. ലോകത്തില്‍ എന്താണ് നടക്കുന്നതെന്നു നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. നമ്മുടെ രാജ്യം സുരക്ഷിതമായിരിക്കണമെന്നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡില്‍ ലോക സാമ്പത്തിക ഫോറത്തിനിടെ ട്രംപ് മാധ്യമങ്ങളോടു പറഞ്ഞത്.

2017 ജനുവരിയില്‍ പ്രസിഡന്റായി അധികാരമേറ്റു ഏഴു ദിവസത്തിനുശേഷമായിരുന്നു ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പവേശന വിലക്കേര്‍പ്പെടുത്താനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ യാത്രക്കാരെ ഉദ്ദേശിച്ചായിരുന്നു നടപടി. എന്നാല്‍ യു.എസ് ഫെഡറല്‍ കോടതി ഉത്തരവിനെതിരെ രംഗത്തെത്തിയതോടെ പട്ടിക പരിഷ്‌ക്കരിച്ചു. ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍, വെനസ്വേല, ഉത്തര കൊറിയ രാജ്യങ്ങളില്‍നിന്നുള്ള ചില പൗരന്മാര്‍ക്കാണ് നിലവില്‍ പ്രവേശന വിലക്കുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x