Currency

സൗദിയില്‍ വ്യത്യസ്ത അപകടങ്ങളിലായി 2 മലയാളികള്‍ മരിച്ചു

സ്വന്തം ലേഖകന്‍Wednesday, November 7, 2018 12:25 pm

റിയാദ്: സൗദി അറേബ്യയിലുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി രണ്ടു പേര്‍ മരിച്ചു. ജിദ്ദയില്‍ ലിഫ്റ്റ് ദേഹത്ത് വീണ് മലപ്പുറം സ്വദേശിയും ഹായിലില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിയുമാണ് മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ജിദ്ദയില്‍ ഷോക്കേറ്റ് മറ്റൊരു യുവാവും മരിച്ചിരുന്നു.

ദാരുണമായ മൂന്നു മരണങ്ങളാണ് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ സൗദിയില്‍ ഉണ്ടായത്. ജിദ്ദയില്‍ ലിഫ്റ്റ് കണ്‍വെയര്‍ ദേഹത്തേക്ക് വീണു മലപ്പുറം പുത്തനത്താണി കന്മനം സ്വദേശി വലിയ പീടിയേക്കല്‍ ഹാരിസ് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഇരുപത്തി എട്ടു വയസായിരുന്നു. സാധനങ്ങള്‍ മാറ്റാനുപയോഗിക്കുന്ന ലിഫ്റ്റ് കണ്‍വയര്‍ കേടുപാടുകള്‍ തീര്‍ക്കുന്നതിനിടയില്‍ മുകളില്‍നിന്നും ദേഹത്ത് പതിക്കുകയായിരുന്നു. സനാഇയയിലെ ബിന്‍സാഗര്‍ കമ്പനിയില്‍ മെഷീന്‍ ഓപ്പറേറ്റര്‍ ആയിരുന്നു. രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞെത്തിയത്. അടുത്ത മാസം ഭാര്യയെയും ഒന്നര വയസുള്ള മകളെയും ജിദ്ദയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിനിടെയാണ് ദാരുണാന്ത്യം.

ഹായില്‍-റിയാദ് ഹൈവേ റോഡില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മറ്റൊരു മലയാളിയുടെ മരണം. കണ്ണൂര്‍ കണ്ണാടിപറമ്പ് മാലോട്ട് സ്വദേശി 42 കാരന്‍ മീത്തലെപുരയില്‍ അബ്ദുല്‍ റസാക്കാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഇദ്ദേഹം സഞ്ചരിച്ച കാര്‍ മറിഞ്ഞായിരുന്നു അപകടം. ഹായിലില്‍ ദാറുഷമാല്‍ എന്ന പേരില്‍ മൊത്തക്കച്ചവട സ്ഥാപനം നടത്തിവരികയായിരുന്നു. മൃതദേഹം തുമീര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ജിദ്ദയില്‍ മറ്റൊരു യുവാവ് ഷോക്കേറ്റു മരിച്ചിരുന്നു. മലപ്പുറം തുവ്വൂര്‍ സ്വദേശി പുത്തൂര്‍ നിയാസ് ആയിരുന്നു മരിച്ച യുവാവ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x