Currency

യുഎഇ പൊതുമാപ്പ് ബുധനാഴ്ച അവസാനിക്കും

സ്വന്തം ലേഖകന്‍Sunday, October 28, 2018 11:33 am

അബുദാബി: അനധികൃത താമസക്കാര്‍ക്ക് ശിക്ഷ കൂടാതെ താമസം നിയമവിധേയമാക്കാനോ രാജ്യം വിട്ടുപോകാനോ യുഎഇ പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പ് ബുധനാഴ്ച അവസാനിക്കും. നിയമലംഘകര്‍ എത്രയും വേഗം അവസരം പ്രയോജനപ്പെടുത്തണമെന്നും കാലാവധി നീട്ടില്ലെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു.

നിയമലംഘകരായി രാജ്യത്ത് കഴിയുന്നവര്‍ ബുധനാഴ്ചയ്ക്കുമുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി. ഇനിയൊരു പൊതുമാപ്പ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ അധികൃതര്‍ യുഎഇയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താല്‍ക്കാലിക വീസയടക്കം എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും പറഞ്ഞു. കാലാവധി കഴിയുന്നതോടെ നവംബര്‍ ഒന്നു മുതല്‍ പരിശോധന ശക്തമാക്കും. പിടിക്കപ്പെടുന്ന വിദേശികള്‍ തടവും പിഴയും അടക്കം കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പു നല്‍കി. ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പ് ഈ മാസം 31നാണ് അവസാനിക്കുന്നത്. ഇന്ത്യ അടക്കം വിവിധ രാജ്യക്കാരായ നൂറുകണക്കിന് ആളുകള്‍ ഇതിനോടകം പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടു.

രേഖകള്‍ ശരിപ്പെടുത്തി ഇവിടെ തന്നെ തുടരുന്നവരും ഏറെ. പുതിയ വീസ കണ്ടെത്താന്‍ അധികൃതര്‍ അനുവദിച്ച ആറു മാസത്തെ താല്‍ക്കാലിക വീസ നേടിയവരില്‍ മലയാളികളും ഏറെയുണ്ട്. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക, ആഫ്രിക്ക, ഇന്തോനീഷ്യ, ഫിലിപ്പീന്‍സ് രാജ്യക്കാരാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരില്‍ കൂടുതലും.

നിയമലംഘകര്‍ക്ക് ജോലിയോ അഭയമോ നല്‍കുന്നവര്‍ക്ക് ആളൊന്നിന് അര ലക്ഷം ദിര്‍ഹം വീതം പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതേസമയം അവസാന ദിവസങ്ങളിലെ തിരക്കു കണക്കിലെടുത്ത് പൊതുമാപ്പ് കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയതായും അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x