
അബുദാബി: പ്രവാസികള്‍ക്ക് യുഎഇയില്‍ കുടുംബ വിസ ലഭിക്കാന്‍ ഇനി വരുമാനം മാത്രമായിരിക്കും മാനദണ്ഡം. ഏത് ജോലി ചെയ്യുന്നവര്‍ക്കും കുടുംബത്തെ ഒപ്പം നിര്‍ത്താനുള്ള വരുമാനമുണ്ടെങ്കില്‍ ഫാമിലി വിസ നല്‍കാനാണ് യുഎഇയുടെ പുതിയ തീരുമാനം.ഞായറാഴ്ച ചേര്‍ന്ന യുഎഇ ക്യാബിനറ്റാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നിലവില്‍ ചില ജോലികള്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് വരുമാനം അടിസ്ഥാനമാക്കി കുടുംബ വിസ ലഭിക്കുന്നത്.
ഇപ്പോഴത്തെ രീതിയനുസരിച്ച് പുരുഷന്മാരില് മാസം 4000 ദിര്‍ഹം ശമ്പളം വാങ്ങുന്നവര്‍ക്കോ അല്ലെങ്കില്‍ 3000 ദിര്‍ഹവും താമസ സൗകര്യവും കമ്പനി നല്കുന്നവര്ക്കോ മാത്രമാണ് കുടുംബ വിസ ലഭിക്കുന്നത്. ഇത് തന്നെ ചില വിഭാഗങ്ങളില്‍ പെട്ട ജോലികളിലുള്ളവര്‍ക്ക് മാത്രമാണ്. ഗാര്‍ഹിക തൊഴിലാളികള്‍ പോലുള്ളവര്‍ക്ക് എത്ര വരുമാനമുണ്ടെങ്കിലും നിലവില്‍ കുടുംബത്തെ കൊണ്ടുവരാന്‍ അനുവാദമുണ്ടായിരുന്നില്ല.
സ്ത്രീകളാണെങ്കില്‍ അധ്യാപകര്‍, എഞ്ചിനീയര്‍മാര്‍, ആരോഗ്യ രംഗത്തെ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് 4000 ദിര്‍ഹം വരുമാനം വേണം. മറ്റ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 10,000 ദിര്‍ഹം വരുമാനവും റെസിഡന്‍സി ജനറല്‍ ഡയറക്ടറേറ്റില്‍ നിന്ന് പ്രത്യേക അനുമതിയും ആവശ്യമായിരുന്നു.
പുതിയ ഉത്തരവോടെ ഏത് തരത്തിലുള്ള ജോലി ചെയ്യുന്നവരാണെങ്കിലും കുടുംബത്തെ ഒപ്പം നിര്‍ത്താനുള്ള വരുമാനമുണ്ടെങ്കില്‍ കുടുംബ വിസ ലഭിക്കും. എന്നാല്‍ ഇതിനുള്ള വരുമാന പരിധി എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.