Currency

യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്ന 1500 സേവനങ്ങള്‍ക്ക് ഫീസ് റദ്ദാക്കി

സ്വന്തം ലേഖകന്‍Wednesday, May 29, 2019 4:21 pm

അബൂദബി: യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്ന 1500 സേവനങ്ങള്‍ക്ക് ഫീസ് റദ്ദാക്കി. യു.എ.ഇ മന്ത്രിസഭയാണ് 1500 സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് പിന്‍വലിച്ച് സേവനങ്ങള്‍ സൗജന്യമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും വിദേശനിക്ഷേപത്തിനും പ്രോല്‍സാഹനം നല്‍കുന്ന നടപടികളുടെ ഭാഗമായാണ് തീരുമാനം. ചില ഫീസുകളില്‍ ഭേദഗതി വരുത്താനും തീരുമാനമുണ്ട്.

ഇതനുസരിച്ച് ആഭ്യന്തമന്ത്രാലയം, സാമ്പത്തിക കാര്യമന്ത്രാലയം, മാനവവിഭവ ശേഷി മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഈടാക്കിയിരുന്ന വിവിധ ഫീസുകള്‍ റദ്ദാക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യും. ഇത് രാജ്യത്തെ ബിസിനസ് മേഖലയിലുള്ളവര്‍ക്കും നിക്ഷേപകര്‍ക്കും നേട്ടമാകുമെന്ന് മന്ത്രിസഭ വിലയിരുത്തി.

ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം വന്നെത്തുന്ന രാജ്യം എന്ന നിലയില്‍ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഭരണപരമായ ചെലവുകള്‍ കുറക്കാന്‍ ഇത് സഹായകമാകും. ഇത് കൂടുതല്‍ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ വഴിയൊരുക്കുമെന്ന് മന്ത്രിസഭ വിലയിരുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x