Currency

സ്‌പെഷല്‍ ഒളിംപിക്‌സ് ഗെയിംസിന് അബുദാബിയില്‍ തുടക്കം

സ്വന്തം ലേഖകന്‍Friday, March 15, 2019 1:51 pm

അബുദാബി: സ്‌പെഷല്‍ ഒളിംപിക്‌സ് വേള്‍ഡ് ഗെയിംസിന് അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ വര്‍ണാഭമായ തുടക്കം. ഇന്ത്യ ഉള്‍പ്പെടെ 195 രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ഥികളും അവര്‍ക്കൊപ്പം നിരീക്ഷകരായി 5 രാജ്യക്കാരുമാണ് മേളയില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് നൂറുകണക്കിന് കായിക താരങ്ങളും പ്രതീക്ഷയോടെ രംഗത്തുണ്ട്.

സ്‌പെഷല്‍ ഒളിംപിക്‌സുകളുടെ 50 വര്‍ഷ ചരിത്രത്തില്‍ ഇതാദ്യമായാണ് 195 ഓളം രാജ്യങ്ങള്‍ പങ്കെടുക്കുന്നത്. യു.എ.ഇയാണ് ഏറ്റവും കൂടുതല്‍ മത്സരാര്‍ഥികളെ പങ്കെടുപ്പിക്കുന്നത്. വനിതാ കായിക താരങ്ങളുടെ ബാഹുല്യം സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന്റെ മറ്റൊരു പ്രത്യേകതയാണ്. അവിസ്മരണീയ ദൃശ്യവിരുന്നായിരുന്നു ഉദ്ഘാടന ചടങ്ങ്. നിശ്ചയദാര്‍ഢ്യക്കാരുടെ നിരവധി പരിപാടികളും ഇടം പിടിച്ചു. 20,000 ത്തിലേറെ വൊളന്റിയര്‍മാരാണ് മേളക്കായി രംഗത്തുള്ളത്.

അബുദാബി, ദുബായ് എന്നിവിടങ്ങളിലായി 9 വേദികളിലായാണ് മത്സരം നടക്കുക. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് സ്‌പെഷല്‍ ഒളിമ്പിക്‌സ് നടക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x