Currency

യു.എ.ഇയില്‍ ചൂടും മഴയും വന്‍തോതില്‍ വര്‍ധിക്കും

സ്വന്തം ലേഖകന്‍Tuesday, March 28, 2017 3:19 pm

യു.എ.ഇയില്‍ മണല്‍ക്കാറ്റോട് കൂടിയ അത്യുഷ്ണ വേനലിനും വെള്ളപ്പൊക്കത്തിന് കാരണമാകുന്ന മഴക്കും വര്‍ധിച്ച ഈര്‍പ്പത്തിനും ഇടയാക്കുമെന്നാണ് കാലാവസ്ഥ വ്യതിയാന റിപ്പോര്‍ട്ടിലുള്ളത്.

അബൂദബി: യു.എ.ഇയില്‍ ചൂടും മഴയും വന്‍തോതില്‍ വര്‍ധിക്കുമെന്ന് കാലാവസ്ഥാ വ്യതിയാന റിമപ്പാര്‍ട്ട്. യു.എ.ഇയില്‍ മണല്‍ക്കാറ്റോട് കൂടിയ അത്യുഷ്ണ വേനലിനും വെള്ളപ്പൊക്കത്തിന് കാരണമാകുന്ന മഴക്കും വര്‍ധിച്ച ഈര്‍പ്പത്തിനും ഇടയാക്കുമെന്നാണ് കാലാവസ്ഥ വ്യതിയാന റിപ്പോര്‍ട്ടിലുള്ളത്. എമിറേറ്റ്‌സ് വന്യജീവി സൊസൈറ്റി ലോക വന്യജീവി ഫണ്ടിന്റെ സഹകരണത്തോടെ തിങ്കളാഴ്ചയാണ് യു.എ.ഇ കാലാവസ്ഥ വ്യതിയാന-പരിഹാര റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

2050ഓടെ വേനല്‍ക്കാല മാസങ്ങളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയും പത്ത് ശതമാനം ഈര്‍പ്പനിലയും വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവും ഈര്‍പ്പനിലയും തൊഴിലാളികളുടെ അധ്വാനഫലം കുറക്കുകയും സമ്പദ് വ്യവസ്ഥയില്‍ പ്രതിവര്‍ഷം 735 കോടി ദിര്‍ഹത്തിന്റെ നഷ്ടമുണ്ടാകുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. എയര്‍ കണ്ടീഷന്‍ സംവിധാനങ്ങളുടെ ആവശ്യകത വര്‍ധിക്കുന്നതിനാല്‍ ഊര്‍ജ സ്രോതസുകള്‍ക്ക് വലിയ ആഘാതമേല്‍ക്കും.

രാജ്യത്തെ വാര്‍ഷിക മഴലഭ്യത 200 ശതമാനം വരെ വര്‍ധിച്ച് ശൈത്യകാലത്ത് വെള്ളപ്പൊക്കമുണ്ടാകാവുന്ന തരത്തില്‍ മഴ ലഭിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഭാവിയില്‍ ദുബായില്‍ ഉഷ്ണ ചുഴലിക്കാറ്റ് ഉണ്ടാകും. ദുബായിയുടെ തീരപ്രദേശങ്ങളില്‍ ഇതിന്റെ തരംഗങ്ങള്‍ ഏഴ് മീറ്റേറാളം ഉയര്‍ന്നേക്കും. 2007ല്‍ ഗോനു ചുഴലിക്കാറ്റ് നാശം വിതച്ച ഫുജൈറയില്‍ ഇത് ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ട്.

കടലിലെ താപനില വര്‍ധിക്കുന്നതോടൊപ്പം അറേബ്യന്‍ ഉള്‍ക്കടലിന്റെ നിരപ്പ് ഉയരും. ഇത് കൊടുങ്കാറ്റും വെള്ളപ്പൊക്കത്തിനും കാരണമായി തീരപ്രദശേങ്ങളിലെ വൈദ്യുതി ഉല്‍പാദന സംവിധാനങ്ങള്‍ക്ക് ഭീഷണിയാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x