
അബുദാബി: കോവിഡ് മാനദണ്ഡം പാലിച്ചു പരീക്ഷകള്‍ സ്‌കൂളില്‍ നടത്താന്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. ഇതോടെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ ഇലേണിങ് തുടരുന്ന വിദ്യാര്‍ഥികള്‍ക്കും പരീക്ഷയ്ക്ക് സ്‌കൂളില്‍ എത്താം. പ്രാദേശിക, വിദേശ സിലബസിലുള്ള സ്‌കൂളുകളിലെ ആദ്യ സെമസ്റ്റര്‍ പരീക്ഷ നവംബര്‍ 15ന് ആരംഭിക്കും. എന്നാല്‍ ഏപ്രിലില്‍ അധ്യയനം തുടങ്ങിയ ഇന്ത്യന്‍ സ്‌കൂളുകള്‍ പകുതി ടേം പൂര്‍ത്തിയാക്കി. ചില സ്‌കൂളുകള്‍ പരീക്ഷയും നടത്തി.
മറ്റു ചില സ്‌കൂളുകളില്‍ 11നാണ് പരീക്ഷ. അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ (അഡെക്) പ്രത്യേക അനുമതിയോടെ 10, 12 ക്ലാസുകാരെ മാത്രം സ്‌കൂളില്‍ എത്തിച്ചാണ് അബുദാബിയിലെ പല സ്‌കൂളുകളും നേരത്തെ പരീക്ഷ നടത്തിയത്. കോവിഡ് മൂലം മാര്‍ച്ച് 5നു അടച്ച യുഎഇയിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് 30നു തുറന്നിരുന്നു. എന്നാല്‍ 5% താഴെ കുട്ടികള്‍ മാത്രമാണ് സ്‌കൂളിലെത്തിയത്.
ബാക്കിയുള്ളവര്‍ ഇലേണിങ് തുടരുകയാണ്. ഓണ്‍ലൈന്‍ പരീക്ഷയില്‍ കുട്ടികളുടെ പഠനനിലവാരം കൃത്യമായി പരിശോധിക്കാന്‍ കഴിയുന്നില്ലെന്ന് വിവിധ സ്‌കൂള്‍ അധികൃതര്‍ അഡെകിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരീക്ഷ സ്‌കൂളുകളില്‍ നടത്താന്‍ അനുമതി ലഭിച്ചത്.
12 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ എത്തണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതിനാല്‍ സൗജന്യ പരിശോധനയ്ക്ക് അബുദാബിയില്‍ സംവിധാനം ഏര്‍പ്പെടുത്തി. സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ഥിയുടെ ശരീരോഷ്മാവും പരിശോധിക്കും. മാസ്‌ക് ധരിച്ചും അകലം പാലിച്ചുമാണ് ഇരിക്കേണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.