Currency

വിദേശത്തിരുന്ന് യുഎഇയിലെ ഇലേണിങ് ക്ലാസില്‍ പങ്കെടുക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചു

സ്വന്തം ലേഖകന്‍Monday, October 19, 2020 1:03 pm
online-class
Villa-kochi-Kerala

അബുദാബി: വിദേശത്തിരുന്ന് യുഎഇയിലെ ഇലേണിങ് ക്ലാസില്‍ പങ്കെടുക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചു. യുഎഇയില്‍ റജിസ്റ്റര്‍ ചെയ്തു പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ രാജ്യത്തുണ്ടാകണം. ഏതെങ്കിലും കാരണവശാല്‍ തിരിച്ചെത്താന്‍ സാധിക്കാത്തവര്‍ ടിസി വാങ്ങി അതതു രാജ്യത്തെ സ്‌കൂളുകളില്‍ ചേര്‍ന്നു പഠിക്കുകയാണ് വേണ്ടതെന്നും അധികൃതര്‍ പറഞ്ഞു. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം വിവിധ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അവധിക്കും മറ്റും നാട്ടിലേക്കു പോയി കോവിഡ് മൂലം തിരിച്ചുവരാനാകാതെ കുടുങ്ങിയ പല വിദ്യാര്‍ഥികളും നാട്ടില്‍നിന്ന് ഇലേണിങ്ങില്‍ തുടരുന്നുണ്ട്. ഇത്തരക്കാര്‍ എത്രയും വേഗം തിരിച്ചെത്തി സ്‌കൂളില്‍ ഹാജരാകണമെന്ന് അറിയിപ്പ് നല്‍കിയതായി വിവിധ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ അറിയിച്ചു. സാധിക്കാത്തവര്‍ കുടിശികയുള്ള ഫീസടച്ച് ടിസി വാങ്ങി പഠനം തല്‍ക്കാലത്തേക്കു നാട്ടിലേക്കു മാറ്റാനാണ് നിര്‍ദേശം. ഇതേസമയം പുതിയ അഡ്മിഷന്‍ എടുത്തവരും കോവിഡ് പശ്ചാത്തലത്തില്‍ യുഎഇയില്‍ എത്താതെ നാട്ടില്‍ ഇലേണിങ് തുടരുകയാണ്.

യുഎഇയില്‍ എത്തി എമിറേറ്റ്‌സ് ഐഡി എടുത്ത് വിദ്യാഭ്യാസ വകുപ്പില്‍ റജിസ്റ്റര്‍ ചെയ്താലേ അധ്യയനം പൂര്‍ത്തിയാക്കാനാകൂ. ഇത്തരക്കാര്‍ക്കും പുതിയ തീരുമാനം വിനയാകും. യുഎഇയില്‍ സ്‌കൂള്‍ തുറന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് എത്തി പഠിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. നേരിട്ട് എത്തുന്ന വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും 2 ആഴ്ചയില്‍ ഒരിക്കല്‍ കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം.

കോവിഡ് മൂലം സ്‌കൂള്‍ അടച്ചതോടെ നാട്ടിലേക്കു പോയ അധ്യാപകരില്‍ പലരും അവിടെ ഇരുന്നാണ് ഇലേണിങ് ക്ലാസ് എടുക്കുന്നത്. ഇതും അനുവദനീയമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നാട്ടില്‍ ഇരുന്ന് ഓണ്‍ലൈന്‍ ക്ലാസ് എടുക്കുകയും യുഎഇയിലെ ശമ്പളം പറ്റുകയും ചെയ്ത അധ്യാപകര്‍ക്ക് സ്‌കൂളുകള്‍ അന്ത്യശാസനം നല്‍കി. ഉടന്‍ തിരിച്ചെത്താത്തവര്‍ക്ക് ജോലി നഷ്ടമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x