Currency

യുഎഇ ഫുഡ്ബാങ്കിന്റെ ആദ്യ സംഭരണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകന്‍Thursday, April 20, 2017 12:53 pm

റിയാദ്: യുഎഇ ഫുഡ്ബാങ്കിന്റെ ആദ്യ സംഭരണ കേന്ദ്രത്തിന് തുടക്കമായി. പട്ടിണിയും ഭക്ഷണം പാഴാക്കലും ഇല്ലാതാക്കുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചതാണ് പുതിയ പദ്ധതി. അല്‍ ഖൂസിലെ അല്‍ ഖൈല്‍ റോഡില്‍ തുറന്ന ഫുഡ്ബാങ്കില്‍ പാക്ക് ചെയ്തതും സംസ്‌കരിച്ചതുമായ ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

നഗരസഭ നിയോഗിച്ച രണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാങ്കില്‍ എത്തുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പുവരുത്തും. തുടര്‍ന്ന് ഭക്ഷ്യബാങ്ക് പദ്ധതിയില്‍ പങ്കാളികളായ ജീവകാരുണ്യ സംഘടനകള്‍ ഭക്ഷണം ശേഖരിച്ച് ആവശ്യക്കാര്‍ക്കിടയില്‍ വിതരണം ചെയ്യും. 400കോടി ദിര്‍ഹത്തിന്റെ ഭക്ഷണം പാഴാവുന്നത് തടയാന്‍ പദ്ധതികൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ദുബായിലും മറ്റ് എമിറേറ്റുകളിലുമാണ് ഭക്ഷണം എത്തിക്കുന്നതെങ്കിലും വൈകാതെ സോമാലിയ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഭക്ഷണം നല്‍കാന്‍ കഴിയുമെന്ന് ഭക്ഷ്യബാങ്കിന്റെ ചുമതലക്കാരനായ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.

ഈ വര്‍ഷം ദുബായില്‍ അഞ്ച് ബാങ്കുകളും മറ്റ് എമിറേറ്റുകളിലായി 30 എണ്ണവും തുറക്കും. ഹോട്ടല്‍ ഗ്രൂപ്പുകളും ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളുമുള്‍പ്പെടെ 20സ്ഥാപനങ്ങള്‍ ഇതിനകം ഭക്ഷണം നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x