Currency

യു.എ.ഇയില്‍ അടുത്ത മാസം ഇന്ധനവിലയില്‍ മൂന്നു ശതമാനത്തിന്റെ വര്‍ധന ഉണ്ടാകും

സ്വന്തം ലേഖകന്‍Wednesday, July 31, 2019 1:14 pm

അബൂദബി: യു.എ.ഇ വിപണിയില്‍ അടുത്ത മാസം ഇന്ധനവിലയില്‍ മൂന്നു ശതമാനത്തിന്റെ വര്‍ധന ഉണ്ടാകും. യു.എ.ഇ ഊര്‍ജ മന്ത്രാലയമാണ് ആഗസ്റ്റ് മാസത്തെ പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഇതു പ്രകാരം സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് രണ്ട് ദിര്‍ഹം 37 ഫില്‍സ് നല്‍കണം. ജൂലൈ മാസം ഇത് രണ്ട് ദിര്‍ഹം മുപ്പത് ഫില്‍സ് മാത്രമായിരുന്നു. സ്‌പെഷ്യല്‍ 95 ലിറ്ററിന് രണ്ട് ദിര്‍ഹം 26 ഫില്‍സായിരിക്കും ആഗസ്റ്റിലെ നിരക്ക്. രണ്ട് ദിര്‍ഹം 18 ഫില്‍സായിരുന്നു ജൂലൈ മാസം ഈടാക്കി വന്നത്. ഡീസല്‍ വിലയിലും വര്‍ധനയുണ്ട്. ലിറ്ററിന് രണ്ട് ദിര്‍ഹം 42 ഫില്‍സായിരിക്കും ആഗസ്റ്റിലെ നിരക്ക്. 2.35 ഫില്‍സായിരുന്നു നടപ്പുമാസം ഈടാക്കി വന്നത്.

ജൂലൈ മാസം ജൂണിനെ അപേക്ഷിച്ച് ഏതാണ്ട് പത്ത് ശതമാനം കുറവാണ് ഇന്ധനവിലയില്‍ ഉണ്ടായിരുന്നത്. ആഗോള വിപണിയിലെ വ്യതിയാനം കൂടി കണക്കിലെടുത്താണ് ആഗസ്റ്റ് മാസത്തെ വര്‍ധന. ജൂലൈക്ക് മുമ്പ് തുടര്‍ച്ചയായ നാലു മാസത്തോളം ഇന്ധന നിരക്ക് ഗണ്യമായി ഉയര്‍ന്നത് സാധാരണക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ഉല്‍പാദന മേഖലയിലെ മാന്ദ്യവും ബദല്‍ ഇന്ധനങ്ങളുടെ ഉയര്‍ന്ന ലഭ്യതയും കാരണം വരും മാസങ്ങളില്‍ എണ്ണവില കുറഞ്ഞേക്കുമെന്നാണ് സൂചന.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x