
അബുദാബി: ഈ വര്‍ഷം രാജ്യാന്തര സ്‌കൂളുകളെ ആകര്‍ഷിക്കുന്നതില്‍ യുഎഇ ലോകത്തില്‍ രണ്ടാം സ്ഥാനത്ത്. എന്നാല്‍ മധ്യപൂര്‍വദേശ രാജ്യങ്ങളില്‍ യുഎഇയുടെ പദവി ഒന്നാം സ്ഥാനത്താണെന്നും എമിറേറ്റ്സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍സ് എജ്യുക്കേഷന്‍ ഫോറം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഈ വര്‍ഷം രാജ്യാന്തര സ്‌കൂളുകളുടെ എണ്ണത്തില്‍ 6.65% വര്‍ധന യുഎഇയില്‍ ഉണ്ടായി. 2017ല്‍ 601 രാജ്യാന്തര സ്‌കൂളുകള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം 641 ആയി.
രാജ്യാന്തര സ്‌കൂള്‍ ആരംഭിക്കുന്നതിനു മുതല്‍മുടക്കാന്‍ തയാറായെത്തുന്ന നിക്ഷേപകരുടെ എണ്ണത്തിലും യുഎഇയില്‍ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. ആഭ്യന്തരവിപണിയുടെ ആകര്‍ഷണങ്ങളിലൂടെ ജപ്പാനില്‍ 264 രാജ്യാന്തര സ്‌കൂളുകളും സൗദി അറേബ്യയില്‍ 263ഉം സ്പെയിനില്‍ 246ഉം ഇന്ത്യയില്‍ 537ഉം പാക്കിസ്ഥാനില്‍ 505ഉം രാജ്യാന്തര സ്‌കൂളുകളുണ്ട്.
യുഎഇയിലെ രാജ്യാന്തര സ്‌കൂളുകളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ കാര്യമായ വര്‍ധനയില്ലെന്നാണു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. യുഎഇയില്‍ രാജ്യാന്തര സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം 6,43,516 ആണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 6.36 ശതമാനം മാത്രമാണു വര്‍ധന.
2018ല്‍ അറബ് മേഖലയില്‍ രാജ്യാന്തര സ്‌കൂളുകള്‍ 1704 ആയി ഉയര്‍ന്നു. 399 ലക്ഷം ദിര്‍ഹമാണ് ഇതില്‍നിന്നുള്ള വാര്‍ഷിക വരുമാനം. ലോകത്തിലെ മൊത്തം രാജ്യാന്തര സ്‌കൂള്‍ വരുമാനത്തിന്റെ 23.4 ശതമാനമാണിത്. ലോകത്ത് ഇന്റര്‍നാഷനല്‍ സ്‌കൂളുകളില്‍ സേവനമനുഷ്ഠിക്കുന്നത് 1,27,909 അധ്യാപകരാണ്. അവരുടെ 26.7 ശതമാനമാണ് മധ്യപൂര്‍വദേശങ്ങളില്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.