Currency

പ്രവാസികള്‍ക്ക് ആശ്വാസം; തൊഴില്‍ വീസയ്ക്ക് ബാങ്ക് ഗാരന്റി നിര്‍ബന്ധമില്ല

സ്വന്തം ലേഖകന്‍Friday, January 4, 2019 2:40 pm

അബുദാബി: യുഎഇയില്‍ തൊഴില്‍ വീസ എടുക്കുന്നതിന് 3000 ദിര്‍ഹം ബാങ്ക് ഗാരന്റി (വീസ ഡെപ്പോസിറ്റ്) കെട്ടിവയ്ക്കണമെന്ന നിബന്ധനയില്‍ ഇളവ്. പകരം വീസ ഫീസിനൊപ്പം 150 ദിര്‍ഹത്തിന്റെ ഇന്‍ഷുറന്‍സ് എടുത്താല്‍ മതിയാകും. ഈ തുക തിരിച്ചുകിട്ടില്ല. എന്നാല്‍ ബാങ്ക് ഗാരന്റി അടയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവുമുണ്ട്. രണ്ട് മാര്‍ഗങ്ങളില്‍ ഏതുവേണമെങ്കിലും സ്വീകരിക്കാം.

തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളതിനാലും സാമ്പത്തിക ഭാരം കുറയുമെന്നതിനാലും ഇന്‍ഷുറന്‍സ് എടുക്കാനാണ് കമ്പനികള്‍ താല്‍പര്യപ്പെടുന്നത്. നേരത്തെ പുതുതായി തൊഴില്‍ വീസയ്ക്ക് അപേക്ഷിക്കുമ്പോഴാണ് സ്ഥാപന ഉടമ ബാങ്ക് ഗാരന്റി കെട്ടിവച്ചിരുന്നത്. തൊഴിലാളിയുടെ വീസ റദ്ദാക്കുമ്പോള്‍ ഈ തുക കമ്പനിക്ക് തിരിച്ചു നല്‍കുകയോ പുതിയ തൊഴില്‍ വീസയെടുക്കുമ്പോള്‍ ഗാരന്റി തുക അതിലേക്കു മാറ്റുകയോ ആയിരുന്നു പതിവ്.

ഗ്രേഡ് അനുസരിച്ച് വന്‍കിട കമ്പനികള്‍ക്ക് നിശ്ചിത തുകയായിരുന്നു ബാങ്ക് ഗാരന്റി. ഏതെങ്കിലും കാരണവശാല്‍ മുന്നറിയിപ്പില്ലാതെ കമ്പനി പൂട്ടുകയോ ഉടമ മുങ്ങുകയോ ചെയ്താല്‍ തൊഴിലാളികളുടെ കുടിശികയും ആനുകൂല്യവും നല്‍കാനാണ് ബാങ്ക് ഗാരന്റി വിനിയോഗിച്ചിരുന്നത്.

കമ്പനിയിലെ പാര്‍ട്ണര്‍മാര്‍ക്ക് വീസ എടുക്കുമ്പോള്‍ 10,000 ദിര്‍ഹം നിക്ഷേപിക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ണര്‍മാരുടെ ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് യുഎഇ താമസ വീസ എടുക്കണമെങ്കില്‍ ഓരോരുത്തര്‍ക്കും 3000 ദിര്‍ഹം വീതം കെട്ടിവയ്‌ക്കേണ്ടിവരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x