
അബൂദബി: യു.എ.ഇയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കുട്ടികള്‍ക്ക് ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നത് വരെ സമ്പൂര്‍ണ സ്കോളര്‍ഷിപ്പ് നല്കാന് പദ്ധതി ആവിഷ്കരിക്കുന്നു. ഈ അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥികളുടെ ലാപ്ടോപ്പ് മുതല്‍ സ്കൂളിലേക്കുള്ള യാത്ര വരെ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന വിധമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഈ മാസം 30 വരെ അപേക്ഷ സ്വീകരിക്കും. ‘ഹയ്യാക്കും’ എന്ന പേരിലാണ് മുന്‍നിര ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി ആവിഷ്കരിക്കുന്നത്.
നിലവില്‍ ആരോഗ്യപ്രവര്‍ത്തകരുടെ 1,850 കുട്ടികള്‍ക്ക് സമാനമായ രീതിയില്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. ഇത് കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. വിവിധ രാജ്യക്കാരായ ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദിന്റെ മേല്‍നോട്ടത്തില്‍ വിദ്യാഭ്യാസമന്ത്രാലയവും ഫ്രന്റ് ലൈന്‍ ഹീറോസ് ഓഫീസും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.
പുതിയ അധ്യയന വര്‍ഷത്തില്‍ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും അവരെ രാജ്യത്ത് കൂടുതല്‍ നാള് തുടരാന്‍ പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യം. ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാനും ക്ഷേമം ഉറപ്പവരുത്താനും അടുത്തിടെയാണ് ഫ്രന്റ് ലൈന്‍ ഹീറോസ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.