Currency

യുഎഇയിലെ സ്‌കൂളുകള്‍ 3 ആഴ്ചത്തേക്ക് അടച്ചു

സ്വന്തം ലേഖകന്‍Monday, March 15, 2021 3:20 pm

അബുദാബി: വാര്‍ഷിക പരീക്ഷ കഴിഞ്ഞ് യുഎഇയിലെ സ്‌കൂളുകള്‍ 3 ആഴ്ചത്തേക്ക് അടച്ചു. അബുദാബി, അല്‍ഐന്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ ഇന്നത്തെ പരീക്ഷ കൂടി കഴിഞ്ഞ് നാളെ അടയ്ക്കും. വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് അവധി. അധ്യാപകര്‍ക്ക് ക്ലാസില്ലെങ്കിലും ഉത്തരക്കടലാസ് മൂല്യനിര്‍ണയം, ടാബുലേഷന്‍, ഫലപ്രഖ്യാപനം, പുതിയ ക്ലാസുകളിലേക്കു കുട്ടികളെ തരംതിരിക്കല്‍, ഓപ്പണ്‍ ഹൗസ് തുടങ്ങിയ ജോലികള്‍ ഉണ്ടാകും.

ദുബായില്‍ ഏപ്രില്‍ നാലിനും അബുദാബിയില്‍ ഏപ്രില്‍ 11നുമാണ് സ്‌കൂളുകള്‍ തുറക്കുക. മോഡല്‍ പരീക്ഷ കഴിഞ്ഞെങ്കിലും നാട്ടിലെ തിരഞ്ഞെടുപ്പുമൂലം നീട്ടിവച്ച 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ഏപ്രില്‍ എട്ടിനെ തുടങ്ങൂ. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കു മേയിലും. അതിനിടയില്‍ കിട്ടുന്ന സമയം ഉപയോഗപ്പെടുത്തി ചില സ്‌കൂളുകള്‍ ഒരു മോഡല്‍ പരീക്ഷ കൂടി നടത്തി വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പത്താം ക്ലാസിലെ ഐടി, 12ലെ സയന്‍സ് പ്രാക്ടിക്കല്‍ പരിശീലനത്തിനും സമയം കണ്ടെത്തും.

നാട്ടില്‍ നിന്നും വ്യത്യസ്തമായി യുഎഇയില്‍ ഏപ്രിലില്‍ അധ്യയനം തുടങ്ങുന്നതിനാല്‍ പത്താം ക്ലാസിലെ മോഡല്‍ പരീക്ഷയുടെ മാര്‍ക്ക് അടിസ്ഥാനമാക്കി കുട്ടികള്‍ക്ക് ഗ്രൂപ്പ് നിശ്ചയിച്ചു 11ലേക്കു പ്രവേശനം നല്‍കി ഏപ്രിലില്‍ തന്നെ ക്ലാസ് തുടങ്ങുകയാണ് പതിവ്. എന്നാല്‍ ഇത്തവണ പരീക്ഷ നീട്ടിയതോടെ മേയില്‍ ക്ലാസ് തുടങ്ങാനാകൂ. ഇങ്ങനെ നഷ്ടമാകുന്ന ഒരു മാസത്തെ പഠനം വാരാന്ത്യങ്ങളിലോ മധ്യവേനല്‍ അവധികളിലോ ഇലേണിങിലൂടെ പരിഹരിക്കാനാണ് ഗള്‍ഫിലെ സ്‌കൂളുകള്‍ ആലോചിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x