Currency

മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാരെ കൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി യു.എ.ഇ; ഇന്ത്യയുടെ തുടര്‍ നടപടി നിര്‍ണായകം

സ്വന്തം ലേഖകന്‍Monday, April 13, 2020 10:51 am

ദുബായ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാരെ സ്വീകരിക്കാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി യു.എ.ഇ. യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് അസാധാരണമായ മുന്നറിയിപ്പുമായി ഇന്നലെ രംഗത്തു വന്നത്. പൗരന്‍മാരെ കൊണ്ടുപോയില്ലെങ്കില്‍ രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്‌മെന്റ് ക്വാട്ട വെട്ടിക്കുറക്കുമെന്നാണ് യു.എ.ഇ വ്യക്തമാക്കുന്നത്. കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിലെ ജോലിക്കാരില്‍ പലരും നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ചില രാജ്യങ്ങള്‍ ഈ വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്തിയില്ല. ഇത് യു.എ.ഇ അധികൃതരില്‍ കടുത്ത പ്രതിഷേധമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതൊക്കെ രാജ്യങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നു യു.എ.ഇ വ്യക്തമാക്കിയിട്ടില്ല. യു.എ.ഇ പ്രഖ്യാപനത്തിന്റെ വെളിച്ചത്തില്‍ ഇന്ത്യയുടെ തുടര്‍ നടപടി നിര്‍ണായകമാകും.

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വിമാന സര്‍വീസിന് തയ്യാറാണെന്ന് യു.എ.ഇ പലതവണ വ്യക്തമാക്കിയതാണ്. എന്നിട്ടും ഇന്ത്യ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അടിയന്തര നടപടി ആവശ്യമാണെന്ന് പ്രവാസി സമൂഹം ആവശ്യപ്പെടുന്നു. തങ്ങളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് യു.എ.ഇ അടക്കമുള്ള ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികളുടെ മുറവിളി ശക്തമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x