Currency

ആധാര്‍ കാര്‍ഡ് സംബന്ധിച്ച വ്യക്തത: പ്രവാസികള്‍ യുഐഡിഎഐ സര്‍ക്കുലര്‍ ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍Tuesday, December 5, 2017 1:03 pm

 

ദുബായ്: ആധാര്‍ കാര്‍ഡ് സംബന്ധിച്ച വ്യക്തതയ്ക്ക് പ്രവാസികള്‍ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) 15നു പുറപ്പെടുവിച്ച സര്‍ക്കുലര്‍ ശ്രദ്ധിക്കണമെന്ന് കോണ്‍സുലേറ്റ് ജനറല്‍ ഓഫിസ് അറിയിച്ചു. ആധാര്‍ കാര്‍ഡ് സംബന്ധിച്ചു വ്യക്തത തേടി പ്രവാസികളുടെ ഒട്ടേറെ അന്വേഷണങ്ങള്‍ ദുബായ് കോണ്‍സുലേറ്റ് ജനറല്‍ ഓഫിസിലേക്കു ലഭിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് അധികൃതരുടെ വിശദീകരണം.

വിദേശ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ബാങ്ക് അക്കൗണ്ടുകളും മറ്റു സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നായിരുന്നു യുഐഡിഎഐ സര്‍ക്കുലര്‍. ഇത്തരം ആളുകളെ കണ്ടെത്തുന്നതിന് ആധാര്‍ നടപടികളുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും നിര്‍ദേശിച്ചു.

2016ലെ ആധാര്‍ നിയമപ്രകാരം ഇന്ത്യയില്‍ വസിക്കുന്നവര്‍ക്കാണു സേവനങ്ങളും ആനുകൂല്യങ്ങളും ആധാറുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ആധാര്‍ നിയമത്തിന്‍ കീഴില്‍ വരുന്നവര്‍ക്കു മാത്രമേ ആധാര്‍ തിരിച്ചറിയല്‍ രേഖയാവുന്നുള്ളൂവെന്നും വിദേശ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരും ആധാറിന് അപേക്ഷിക്കാന്‍ അര്‍ഹരല്ലെന്നും യുഐഡിഎഐ വ്യക്തമാക്കിയിരുന്നു.

മാത്രവുമല്ല ഒരു വ്യക്തിക്ക് ആധാര്‍ നമ്പര്‍ ലഭിച്ചിട്ടില്ലെങ്കില്‍ സബ്‌സിഡി, മറ്റു സേവനങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ പകരം തിരിച്ചറിയല്‍ രേഖ നല്‍കണമെന്ന് ആധാര്‍ നിയമം ഏഴാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

വിവരങ്ങള്‍ക്ക് ലിങ്ക്: https://uidai.gov.in/legal-framework/acts/circulars.html


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x