
മനാമ: കാപിറ്റല്‍ ഗവര്‍ണറേറ്റിലെ ഉമ്മുല്‍ ഹസം പ്രദേശം ഹെല്‍ത് സിറ്റിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഇതിനാവശ്യമായ ഒരുക്കങ്ങള്‍ നേരത്തെ നടത്തുകയും അംഗീകാരത്തിനുള്ള നിബന്ധനകള്‍ പാലിക്കുന്നതിന് ശ്രമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ആരോഗ്യ കാര്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹിന്റെ സാന്നിധ്യത്തില്‍ കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിശാം ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ ഖലീഫ സുഊദി-, കുവൈത്ത്-, ബഹ്‌റൈന്‍ മേഖലയിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. ഇബ്രാഹിം അസ്സൈഖില്‍ നിന്ന് അംഗീകാര പത്രം ഏറ്റുവാങ്ങി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ മാസം ഒരുക്കങ്ങള്‍ വിലിയിരുത്തുന്നതിന് ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ ഉമ്മുല്‍ ഹസം സന്ദര്‍ശിക്കുകയും മതിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര തലത്തില്‍ മികവാര്‍ന്ന ഒരു നേട്ടമാണ് ഇതിലൂടെ രാജ്യത്തിന് കരഗതമായിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ലോകത്ത് ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതിനും മെച്ചപ്പെട്ട ചികില്‍സ ഉറപ്പുവരുത്തുന്നതിനും ലോകാരോഗ്യ സംഘടന നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളെ ഡോ. ഇബ്രാഹിം വിശദീകരിച്ചു. എല്ലാ മേഖലകളിലും പുരോഗതിയും വളര്‍ച്ചയും കൈവരിച്ചു കൊണ്ടിരിക്കുന്ന ബഹ്‌റൈന്‍ ആരോഗ്യ രംഗത്ത് നേടിയെടുത്ത പുരോഗതി ഏറെ അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.