Currency

കേരളത്തിലേക്കുള്ള ഫണ്ട് സ്വരൂപിക്കുന്ന സംഘടനകള്‍ക്ക് യുഎഇ സര്‍ക്കാരിന്റെ പ്രത്യേക അംഗീകാരം വേണം: നവ്ദീപ് സിങ് സൂരി

സ്വന്തം ലേഖകന്‍Tuesday, August 21, 2018 5:17 pm

 

അബുദബി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങേകാന്‍ ഫണ്ട് സ്വരൂപിക്കുന്ന യുഎഇയിലെ സംഘടനകള്‍ക്ക് യുഎഇ സര്‍ക്കാരിന്റെ പ്രത്യേക അംഗീകാരം ആവശ്യമാണെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി വ്യക്തമാക്കി. കേരളത്തിലേക്ക് ദുരിതാശ്വാസം പണമായി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കോ, ഖലീഫാ ഫണ്ടിലേക്കോ, റെഡ്ക്രസന്റിനോ കൈമാറാം. സംഘടനകള്‍ക്ക് അവരുടെ ഫണ്ടുകളും ഇത്തരത്തില്‍ കൈമാറാം. എന്നാല്‍ വ്യക്തികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണമയക്കാം എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണമയക്കാന്‍ യുഎഇയിലെ പണമിടപാടു സ്ഥാപനങ്ങള്‍ ഫീസ് ഈടാക്കാതെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിലൂടെ എത്ര തുക വേണമെങ്കിലും അയക്കാം. എത്ര ചെറിയ തുകയും സൗജന്യമായി അയക്കാനാവും. യുഎഇ സര്‍ക്കാരിന്റെ അംഗീകാരത്തോടെ പണം ശേഖരിക്കാന്‍ പ്രത്യേക അനുമതിയുള്ള റെഡ് ക്രെസന്റ് പോലുള്ള സംഘടനകളുണ്ട്. അവയ്ക്കു മാത്രമേ വ്യക്തികളില്‍നിന്ന് പണം സമാഹരിച്ച് അയയ്ക്കാനാവൂ. ഏതെങ്കിലും ഇന്ത്യന്‍ സംഘടനകള്‍ക്ക് ഇത്തരത്തിലുള്ള അംഗീകാരമുണ്ടോയെന്ന് യുഎഇ അധികൃതരോട് അന്വേഷിക്കേണ്ടതുണ്ട്. യുഎഇ നിയമമനുസരിച്ചു മാത്രമെ സംഘടനകള്‍ വ്യക്തികളില്‍ നിന്ന് ദുരിതാശ്വാസ ഫണ്ട് ശേഖരിക്കാവൂ.

പ്രളയത്തില്‍ പാസ്‌പോര്‍ട്ട്, വിസ തുടങ്ങിയ രേഖകള്‍ നഷ്ടമായവര്‍ക്ക് ഇളവ് അനുവദിക്കാന്‍ എംബസി യുഎഇ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് സമയം നീട്ടി നല്‍കാനുള്ള നിര്‍ദേശവും സമര്‍പ്പിച്ചിട്ടുണ്ട്. പ്രളയബാധിതരായ വിദ്യാര്‍ഥികളുടെ ഹാജര്‍നിലയില്‍ രണ്ടാഴ്ചത്തെ ഇളവ് അനുവദിക്കാനും വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടും.

മരുന്നുള്‍പ്പെടെയുള്ള എല്ലാ ഉല്‍പന്നങ്ങളും വളരെ കുറഞ്ഞ ചെലവില്‍ ശേഖരിക്കാനും വിതരണം ചെയ്യാനും കേരളത്തില്‍ സാധിക്കുമെന്നും സ്ഥാനപതി ചൂണ്ടിക്കാട്ടി. ദുരിതം നേരിടുന്ന പ്രദേശങ്ങളില്‍ സന്നദ്ധസേവനത്തിന് താല്‍പര്യമുള്ള പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് നോര്‍ക്ക രൂപം നല്‍കുന്നുണ്ടെന്നും അംബസാഡര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x