
വാഷിംഗ്ടണ്‍: അമേരിക്കയില്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ നാല് ഇന്ത്യക്കാര്‍ വിജയിച്ചു. വിര്‍ജീനിയ സെനറ്റിലേക്ക് ഗസാല ഹാഷ്മി, പ്രതിനിധി സഭയിലേക്ക് സുഹാസ് സുബ്രഹ്മണ്യം എന്നിവരും കാലിഫോര്‍ണിയ സെനറ്റിലേക്ക് മനോ രാജു, വടക്കന്‍ കരോളിനയില്‍ സിറ്റി കൗണ്‍സിലിലേക്ക് ഡിമ്പിള്‍ അജ്മേറ എന്നിവരുമാണ് വിജയിച്ചത്.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റിലാണ് ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗസാല ജയിച്ചത്. കമ്യൂണിറ്റി കോളേജ് മുന്‍ അധ്യാപികയായ ഗസാല ഹാഷ്മി വിര്‍ജീനിയ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്ലിം വനിതയുമായി. നിലവിലെ സെനറ്ററായ റിപ്പബ്ലിക്കന്‍ ഗ്ലെന്‍ സ്റ്റര്‍ട്ടുവെന്റിനെയാണ് കന്നിമത്സരത്തില്‍ തോല്‍പ്പിച്ചത്. 50 വര്‍ഷം മുമ്പാണ് ഗസാലിയുടെ കുടുംബം അമേരിക്കയില്‍ എത്തിയത്.
ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരിക്കെ വൈറ്റ് ഹൗസ് സാങ്കേതിക നയ ഉപദേഷ്ടാവായിരുന്നു സുഹാസ് സുബ്രഹ്മണ്യം. 40 വര്‍ഷം മുമ്പാണ് അദ്ദേഹത്തിന്റെ കുടുംബം അമേരിക്കയിലെത്തിയത്. കരോളിനയില്‍ തെരഞ്ഞെടുക്കപ്പെട്ട മനോ രാജു മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയതാണ്. തമിഴ്നാട്ടുകാരനാണ്. പൗരന്മാര്ക്ക് നിയമസഹായം നല്കുന്ന സാന്‍ഫ്രാന്‍സിസ്കോസ് പബ്ലിക് ഡിഫെന്‍ഡറില്‍ ജോലി ചെയ്യുകയായിരുന്നു രാജു.
16-ാം വയസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ ഡിമ്പിള്‍ അജ്മേറ ഷാര്‍ലറ്റ് സിറ്റി കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.