Currency

ജനറല്‍ ജെയിംസ് മാറ്റിസ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയാകും

സ്വന്തം ലേഖകന്‍Friday, December 2, 2016 11:06 am

വാഷിങ്ടണ്‍: ബറാക് ഒബാമയുടെ മധ്യപൂര്‍വേഷ്യന്‍ നയത്തിന്റെ വിമര്‍ശകനായ ജനറല്‍ ജയിംസ് മാറ്റിസ് യുഎസ് പ്രതിരോധ സെക്രട്ടറിയാകും. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റേതാണു തീരുമാനം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം സിന്‍സിനാറ്റിയിലേക്കു നടത്തിയ പ്രഥമ സന്ദര്‍ശനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുള്ള ആളാണ് അറുപത്താറുകാരനായ ജനറല്‍ ജയിംസ് മാറ്റിസ്.

ലഫ്. ജനറല്‍ മൈക്കിള്‍ ഫ്‌ലിന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും മൈക്ക് പോംപിയോ സിഐഎ ഡയറക്ടറുമായുള്ള ട്രംപിന്റെ ദേശീയ സുരക്ഷാ ടീമിലെ പുതിയ അംഗമാണ് ജനറല്‍ ജയിംസ് മാറ്റിസ്. സൈനിക വൃത്തങ്ങളില്‍ ‘മാഡ് ഡോഗ്’ എന്ന വിളിപ്പേരിലാണ് ജനറല്‍ ജയിംസ് അറിയപ്പെടുന്നത്. ഇറാഖ് അധിനിവേശകാലത്ത് ഫല്ലൂജയില്‍ നടന്ന കടുത്ത പോരാട്ടത്തില്‍ യുഎസ് നാവികസേനയെ നയിച്ച ജനറല്‍ മാറ്റിസിന്റെ നേതൃപാടവം ഏറെ അഭിനന്ദനം നേടിയിരുന്നു.

മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ ഭീഷണി ഇറാനാണെന്ന അഭിപ്രായക്കാരനാണ് ജയിംസ് മാറ്റിസ്. സിറിയയിലെയും ഇറാഖിലെയും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അധിനിവേശത്തിനെതിരായ ഒബാമ ഭരണകൂടത്തിന്റെ ആദ്യകാല ചെറുത്തുനില്‍പ്പിനെ നിശിതമായി വിമര്‍ശിച്ചിരുന്നയാളുമാണ് മാറ്റിസ്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷമാണ് മാറ്റിസ് ട്രംപുമായി പരിചയപ്പെടുന്നത്. കടുത്ത നിലപാടു പുലര്‍ത്തുന്നവരാണ് ട്രംപിന്റെ ഉന്നത ഉദ്യോഗസ്ഥരെല്ലാം. എന്നാല്‍ ചില നയങ്ങളില്‍ ട്രംപിന്റേതില്‍നിന്നു ഭിന്നമാണ് മാറ്റിസിന്റെ നിലപാട്. റഷ്യയോടെ ട്രംപിനു മൃദുസമീപനമാണെങ്കില്‍ മാറ്റിസ്സിനു കടുത്ത വിരോധമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x