Currency

ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് എച്ച് 1 ബി വിസ നല്‍കുന്നതിന് പരിധി നിശ്ചയിച്ച് യുഎസ്എ

സ്വന്തം ലേഖകന്‍Thursday, June 20, 2019 7:35 pm

വാഷിങ്ടണ്‍: വിദഗ്ധരായ വിദേശ തൊഴിലാളികളെ ഓരോ വര്‍ഷവും അമേരിക്കയില്‍ എത്തിക്കുന്ന ജനപ്രിയ വിസ സംവിധാനമായ എച്ച് 1 ബി വിസ നിയമങ്ങളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ട്രമ്പ് ഭരണകൂടം. ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് എച്ച് 1 ബി വിസ നല്‍കുന്നതിന് പരിധി നിശ്ചയിക്കാനാണ് ട്രമ്പിന്റെ പുതിയ നീക്കം. നിലവില്‍ നിലവില്‍ മൂന്ന് വര്‍ഷത്തേയ്ക്ക് അനുവദിക്കുന്ന എച്ച് 1 ബി വിസ ഓരോ വര്‍ഷവും ഓരോ രാജ്യത്തിനും അനുവദിക്കുന്നതിന് പരിധിയില്ല. എന്നാല്‍ ഇനി മുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനാണ് ട്രമ്പ് ഭരണകൂടം തയ്യാറെടുക്കുന്നത്. അമേരിക്ക ഇക്കാര്യം ഇന്ത്യയെ അറിയിച്ചു കഴിഞ്ഞുവെന്നാണ് വിവരം.

എച്ച് 1 ബി വിസകളുടെ വാര്‍ഷിക ക്വാട്ട ഓരോ വര്‍ഷവും ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന എച്ച് 1 ബി വിസകള്‍ 10% മുതല്‍ 15% വരെ ആക്കി കുറയ്ക്കാനാണ് അമേരിക്കയുടെ പദ്ധതി. കഴിഞ്ഞ വര്‍ഷം 85,000 എച്ച് -1 ബി വര്‍ക്ക് വിസകള്‍ അമേരിക്ക അനുവദിച്ചിരുന്നു. ഇതില്‍ 70 ശതമാനവും ഇന്ത്യക്കാരായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ന്യൂഡല്‍ഹിയിലെ യു.എസ്. എംബസി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാസ്റ്റര്‍കാര്‍ഡ് പോലുള്ള സ്ഥാപനങ്ങളെയാണ് ട്രമ്പിന്റെ പുതിയ നയം ഏറ്റവും കൂടുതല്‍ അസ്വസ്ഥമാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളവരാണ് മാസ്റ്റര്‍ കാര്‍ഡിലെ ഭൂരിഭാഗം ജീവനക്കാരും. എച്ച് 1 ബി വിസ പരിധി കൊണ്ടു വരുന്നതോടെ ഇത്തരം കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാകും. നിരവധി വന്‍കിട സാങ്കേതിക സ്ഥാപനങ്ങളിലും ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം വളരെ കൂടുതലാണ്. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ചൈനക്കാരാണ് കൂടുതല്‍ ഈ സംവിധാനം ഉപയോഗിക്കുന്നത്.

ഐടി മേഖലയ്ക്ക് വന്‍ തിരിച്ചടി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ് ലിമിറ്റഡ് തുടങ്ങിയ ഇന്ത്യയുടെ 150 ബില്യണ്‍ ഡോളറിലധികം വരുന്ന ഐടി മേഖലയ്ക്കാണ് എച്ച് 1 ബി വിസ പരിധി ഏറ്റവും വലിയ തിരിച്ചടിയാകുന്നത്. ഇന്ത്യന്‍ ഐടി കമ്പനികളിലെ എന്‍ജിനീയര്‍മാരും ഡെവലപ്പര്‍മാരുമടക്കം നിരവധി പേര്‍ അമേരിക്കയില്‍ എച്ച് 1 ബി വിസ സംവിധാനം വഴി പോകുന്നവരാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x