
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന റിക്രൂട്ടിങ് ഓഫീസുകള്‍ പൂട്ടിക്കുമെന്ന് മുന്നറിയിപ്പ്. മാന്‍പവര്‍ അതോറിറ്റിയാണ് രാജ്യത്തെ ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ടിങ് ഓഫീസുകള്‍ക്കു മുന്നറിയിപ്പ് നല്‍കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത മക്തബുകളുടെ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
ഗാര്‍ഹികത്തൊഴിലാളി വകുപ്പില്‍ സമയത്തിന് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക, തൊഴിലാളികളെ കരാറില്‍ പറഞ്ഞ സമയം കഴിഞ്ഞ് 24 മണിക്കൂറിനകം എത്തിച്ചുനല്‍കാതിരിക്കുക, വിമാനത്താവളത്തില്‍ എത്തിയ തൊഴിലാളിയെ ഏറ്റുവാങ്ങുന്നതില്‍ കാരണമില്ലാതെ കാലതാമസം വരുത്തുക എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ മൂന്നുമാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും.
മറ്റുള്ളവര്‍ കൊണ്ടുവന്ന തൊഴിലാളികളുമായി ഇടപാട് നടത്തുന്നതും, ഗാര്‍ഹികത്തൊഴിലാളി വകുപ്പിന്റെ അംഗീകാരമില്ലാത്ത ഏജന്‍സികളുമായി കരാര്‍ ഒപ്പിടുന്നതും ആറുമാസം വരെ ലൈസന്‍സ് റദ്ദാക്കാനുള്ള കാരണമാകും. കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ വിദേശരാജ്യങ്ങളിലെ ഏജന്‍സികളുടെ ആധികാരികത ഉറപ്പിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
തൊഴില്‍ കരാറിന്റെ പകര്‍പ്പും ബന്ധപ്പെട്ട രാജ്യത്തിലെ കുവൈത്ത് എംബസിയുടെ സാക്ഷ്യപത്രവും ഹാജരാക്കാത്ത കുവൈത്തിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ ലൈസന്‍സ് പുതുക്കിനല്‍കില്ലെന്നും മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.