
വാഷിങ്ടണ്‍: അമേരിക്കയില്‍ അക്രമത്തിനിരയായ ഇന്ത്യക്കാര്‍ക്ക് എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കുമെന്ന് അമേരിക്ക. വംശീയവിദ്വേഷവും തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ അമേരിക്ക ദുഃഖം രേഖപ്പെടുത്തിയതായും ഇരകള്‍ക്ക് ഉടന്‍ നീതി ലഭ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായും അമേരിക്കയിലെ ഇന്ത്യന്‍ എംബസി അധകൃതര്‍ വ്യക്തമാക്കി.
അടുത്തിടെ ഇന്ത്യന്‍ വംശജര്‍ക്ക് അമേരിക്കയിലുണ്ടായ ദുരന്തങ്ങളില്‍ ഇന്ത്യന്‍ അംബാസിഡര്‍ അമേരിക്കയെ ഇന്ത്യയുടെ ആശങ്ക അറിയിച്ചു. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനു നേരെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ ഉണ്ടാവണമെന്നും അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു. അതേസമയം വംശീയമായ ഇത്തരം അക്രമ സംഭവങ്ങളില്‍ അപലപിക്കുന്നതായും ഈ വിധത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം റിക് ലാര്‍സന്‍ പറഞ്ഞു.
ഒരാളുടെ വിദ്വേഷ പ്രവര്‍ത്തനങ്ങളിലൂടെ പ്രദേശത്തെ മുഴുവനാളുകളെയും വിലയിരുത്താന്‍ സാധിക്കില്ലെന്ന് യു.എസില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിബോട്‌ല വെടിയേറ്റുമരിച്ച സംഭവത്തില്‍ കാന്‍സസ് ഗവര്‍ണര്‍ പ്രതികരിച്ചു. സംഭവത്തില്‍ ഇന്ത്യന്‍ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വ്യഴാഴ്ചയാണ് ഹര്‍ദിഷ് പട്ടേല്‍ എന്ന ഇന്ത്യക്കാരന്‍ തെക്കന്‍ കരോലിനയിലെ ലാന്‍കാസ്റ്റര്‍ കൗണ്ടിയില്‍ വെടിയേറ്റു മരിച്ചത്. ദീപ് റായ് എന്ന എന്‍ജിനീയറും അടുത്തിടെ വംശീയാക്രമണത്തിനിരയായി മരണപ്പെട്ടിരുന്നു. ഫെബ്രുവരി 22നാണ് കാന്‍സസില്‍ ശ്രീനിവാസ് കുച്ചിബോട്‌ലയെ മുന്‍ യു.എസ് നാവികോദ്യോഗസ്ഥന്‍ ആദം പ്യൂരിന്റണ്‍ ഞങ്ങളുടെ രാജ്യത്തുനിന്ന് പുറത്തുപോകൂവെന്ന് ആക്രോശിച്ചുകൊണ്ട് വെടിവെച്ചു കൊലപ്പെടുത്തിയത്. ഇതു കൂടാതെ നിരവധി ഇന്ത്യക്കാര്‍ അടുത്തിടെ അമേരിക്കയില്‍ വംശീയാതിക്രമങ്ങള്‍ക്ക് ഇരായായിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.