Currency

സ്ത്രീകള്‍ക്കെതിരായ അക്രമം; കുവൈത്ത് നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് പഠനം

സ്വന്തം ലേഖകന്‍Tuesday, October 16, 2018 3:02 pm

കുവൈത്ത് സിറ്റി: സ്ത്രീകള്‍ക്കെതിരായ അതിക്രമം രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമാണെന്നു പഠന റിപ്പോര്‍ട്ട്. കുവൈത്ത് സര്‍വകലാശാലയിലെ വാര്‍ത്താവിതരണ വിഭാഗം പ്രഫസര്‍ ഡോ.ഫാതിമ അല്‍ സലീമിന്റെ നേതൃത്വത്തില്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. പിടിച്ചുപറിയും കവര്‍ച്ചയുമാണു സ്ത്രീകള്‍ നേരിടേണ്ടിവരുന്ന അതിക്രമങ്ങളില്‍ പകുതിയിലേറെയും. 44% ശാരീരിക പീഡനമാണ്. 37% മാനസിക പീഡനം. 51.2% ആളുകള്‍ ശാരീരികമായും മാനസികമായും സംസാരത്തിലൂടെയുമെല്ലാം അതിക്രമങ്ങള്‍ക്കു വിധേയരാകുന്നു. 34% വനിതകള്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരായുണ്ട്. അതിക്രമങ്ങള്‍ക്കിരയാകുന്നവരില്‍ 50% ഭര്‍ത്താക്കന്മാരില്‍നിന്നും 13% സഹോദരന്മാരില്‍ നിന്നും പ്രയാസം നേരിടുന്നവരാണ്.

രക്ഷിതാക്കളും ബന്ധുക്കളുമെല്ലാം വില്ലന്മാരായി വരുന്ന കേസുകളുമുണ്ട്. അതിക്രമം നേരിടുന്നവരില്‍ 26% വനിതകള്‍ സ്വന്തം വീടുകളിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. 3.3% അഭയകേന്ദ്രങ്ങളെ പ്രാപിക്കുന്നു. 1.9% പേര്‍ പ്രശ്‌നപരിഹാര കേന്ദ്രങ്ങള്‍ തേടുന്നവരാണ്. 5% മാനസികാരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍, ചൂഷണങ്ങള്‍, പീഡനങ്ങള്‍ എന്നിവ തടയുന്നതിനുള്ള ശക്തമായ നിയമങ്ങള്‍ കുവൈത്തില്‍ ഇല്ലെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം.

അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരെ പാര്‍പ്പിക്കുന്നതിനു യോഗ്യമായ ഷെല്‍റ്ററുകളും ഇല്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നാലുവര്‍ഷം മുന്‍പു സമഗ്രമായ പ്രചാരണം ആരംഭിച്ചുവെങ്കിലും വ്യക്തമായ ഡേറ്റകള്‍ ഇല്ലാത്തതു പ്രതിസന്ധിയായി. ഈ സാഹചര്യത്തിലാണു സര്‍വകലാശാലയിലെ ഒരു വിഭാഗം സര്‍വേ നടത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x