
ദുബായ്: വിസ പുതുക്കാന്‍ കഴിയാത്തവര്‍ക്കും വിസ കാലാവധി കഴിഞ്ഞവര്‍ക്കും സംശയങ്ങള്‍ക്കായി അമര്‍ സെന്ററില്‍ വിളിക്കാന്‍ സൗകര്യമൊരുക്കി അധികൃതര്‍. താമസ- രേഖകളുമായി ബന്ധപ്പെട്ട ആളുകളുടെ ആശങ്കയകറ്റാന്‍ ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ- അമര്‍ ഹാപ്പിനസ് കോള്‍ സെന്റര്‍ പ്രവര്‍ത്തനം സജീവമാക്കി.
വിദൂര ജോലി സംവിധാനത്തിലായിരിക്കും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. 24 മണിക്കൂറും ഇവിടെ നിന്ന് സേവനം ലഭിക്കും. താമസ രേഖ സംബന്ധമായ എല്ലാ അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും ടോള്‍ ഫ്രീ നമ്പറായ 8005111 നമ്പറില്‍ വിളിക്കണമെന്ന് ദുബായ് എമിഗ്രേഷന്‍ മേധാവി അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്‍പ്പെടെ വിദേശ രാജ്യങ്ങളിലെ അന്വേഷകര്‍ 043139999 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. യു.എ.ഇയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള കോളുകള്‍ക്ക് മറുപടി നല്‍കാന്‍ വിവിധ ഭാഷകളില്‍ പരിശീലനം ലഭിച്ച ജീവനക്കാരാണ് അമര്‍ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നത്.
അമര്‍ കേന്ദ്രങ്ങള്‍ മാര്‍ച്ച് 26 മുതലാണ് വിദൂര ജോലി സംവിധാനത്തിലേക്ക് മാറിയത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 100 ശതമാനം വിദൂര ജോലി സംവിധാനം നടപ്പാക്കാനുള്ള ദുബായ് എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്റെ തീരുമാനത്തിന് അനുസൃതമായാണ് ഈ മാറ്റം. പ്രതിദിനം 11,000ലേറെ അന്വേഷണ കോളുകളാണ് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ലഭിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.