
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത മരുന്നുകള്‍ വിറ്റാല്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്. ആരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത മരുന്നുകള്‍ വിറ്റാല്‍ രണ്ടുവര്‍ഷം വരെ തടവും 3000 ദീനാര്‍ വരെ പിഴയും ആണ് കുവൈത്തിലെ നിയമപ്രകാരം ശിക്ഷ. ആരോഗ്യത്തിന് ഹാനികരമായ മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന സജീവമായതിനെ തുടര്‍ന്ന് മന്ത്രാലയത്തിലെ ഫുഡ് ആന്‍ഡ് മെഡിസിന് കണ്ട്രോള് വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്.
ശരീര പുഷ്ടിക്കായുള്ള മരുന്നുകളും ഫുഡ് സപ്ലിമെന്റുകളുമാണ് ഓണ്‍ലൈന്‍ വഴി വ്യാപകമായി വില്‍ക്കപ്പെടുന്നത്. അടുത്തകാലത്തായി ഇവയുടെ പരസ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമാണ്. അയല്‍ രാജ്യങ്ങളില്‍ നിന്നും കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍നിന്നും അനധികൃതമായി ഇത്തരം ഉത്പന്നങ്ങള്‍ കുവൈത്തിലേക്ക് കടത്തുന്നതായി ആരോഗ്യ മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് കസ്റ്റംസ് വകുപ്പിനു ജാഗ്രത നിര്‍ദേശം നിര്‍ദേശിച്ചതായും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഷോപ്പിംഗ് സൈറ്റുകള്‍ക്കു മേല്‍ ശക്തമായ നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയത്തിലെ മരുന്ന്, ഭക്ഷണ നിയന്ത്രണ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ബദര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.