Currency

വാട്‌സാപ് തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Saturday, October 13, 2018 7:37 pm

കുവൈത്ത് സിറ്റി: വാട്‌സാപ് തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങളും ലിങ്കുകളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ തൗഹീദ് അല്‍ കന്‍ദരി പറഞ്ഞു.

വാട്‌സാപ് വഴി സന്ദേശങ്ങളയച്ച് കെണിയില്‍പെടുത്തി ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ചോര്‍ത്തിയതായി നിരവധി പരാതികള്‍ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. കുവൈത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ കൂടുതലും വാട്ട്‌സാപ് വഴിയാണ്. ആകെ സൈബര്‍ കുറ്റകൃത്യങ്ങളുടെ തോതില്‍ 170 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും കൈമാറരുതെന്നും സംശയകരമായ വെബ്‌സൈറ്റുകള്‍ തുറക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ബാങ്ക് അക്കൗണ്ട് നമ്പറും പിന്‍ നമ്പറും ഹാക്കിങ്ങിലൂടെ സ്വന്തമാക്കാന്‍ തട്ടിപ്പുകാര്‍ക്ക് കഴിയുന്നുണ്ട്. ഇടക്കിടക്ക് പാസ്വേഡ് മാറ്റുന്നതും നല്ലതാണ്. തട്ടിപ്പില്‍ കുടുങ്ങുകയോ ആരെങ്കിലും ബ്ലാക്ക്‌മെയില്‍ ചെയ്യുകയോ ചെയ്യുകയാണെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ 25660142 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ അറിയിക്കണമെന്നും സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ വിഭാഗം നിര്‍ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x