Currency

സന്ദര്‍ശക വിസ: കാലാവധി കഴിഞ്ഞാല്‍ ഓരോ ദിവസവും 10 ദീനാര്‍ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

സ്വന്തം ലേഖകന്‍Friday, July 12, 2019 4:52 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശക വിസയിലെത്തി നിശ്ചിത സമയം കഴിഞ്ഞ് രാജ്യത്ത് തുടരുന്നവരില്‍നിന്ന് ഓരോ ദിവസത്തിന് 10 ദീനാര്‍ വീതം പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരമാവധി 1000 ദീനാറാണ് പിഴ ഈടാക്കുക. കമേഴ്‌സ്യല്‍ സന്ദര്‍ശക വിസ, ഭാര്യയും കുട്ടികളും ഒഴികെയുള്ളവരുടെ സന്ദര്‍ശക വിസ എന്നിവക്ക് ഒരുമാസത്തെ കാലാവധി മാത്രമാണ് ഇപ്പോഴുള്ളത്. യൂറോപ്യന്മാരുടെ ടൂറിസ്റ്റ് വിസ, കുവൈത്തില്‍ ഇഖാമയുള്ള വിദേശികളുടെ ഭാര്യ, കുട്ടികള്‍ എന്നിവരുടെ സന്ദര്‍ശക വിസ എന്നിവക്ക് മൂന്നുമാസത്തെ കാലാവധിയുണ്ടാവും. സ്‌പോണ്‍സറുടെ ശമ്പളം അടിസ്ഥാനമാക്കിയാണ് സന്ദര്‍ശക വിസയുടെ കാലാവധി തീരുമാനിക്കുന്നത്.

വിദേശികള്‍ക്ക് രക്ഷിതാക്കളെ (മാതാപിതാക്കളെയോ ഭാര്യയുടെ മാതാപിതാക്കളെയോ) സന്ദര്‍ശക വിസയില്‍ കൊണ്ടുവരണമെങ്കില്‍ കുറഞ്ഞത് 500 ദീനാര്‍ ശമ്പളം വേണം. അതേസമയം, ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാന്‍ 250 ദീനാര്‍ മതി. സഹോദരങ്ങളുടെ സന്ദര്‍ശനവിസക്ക് പരമാവധി 30 ദിവസമാണ് കാലപരിധി. സ്‌പോണ്‍സറുടെ ജോലിയും സാഹചര്യങ്ങളും സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യവും അനുസരിച്ച് എമിഗ്രേഷന്‍ മാനേജര്‍ക്ക് വിസ കാലാവധി വെട്ടിക്കുറക്കാന്‍ അവകാശമുണ്ടാവും. ഭാര്യ, കുട്ടികള്‍, രക്ഷിതാക്കള്‍ എന്നിവരുടെയെല്ലാം വിസ കാലാവധി എമിഗ്രേഷന്‍ മാനേജറുടെ വിവേചനാധികാര പരിധിയില്‍ വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x