Currency

ശൈത്യകാല തമ്പ് നിര്‍മാണം; വിദേശികള്‍ക്ക് സ്‌പോണ്‍സറുടെ കത്ത് വേണമെന്ന് നിബന്ധന

സ്വന്തം ലേഖകന്‍Friday, January 18, 2019 12:22 pm

കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് മരുപ്രദേശങ്ങളിലും മറ്റും ശൈത്യകാല തമ്പുകള്‍ നിര്‍മിക്കാന്‍ അനുമതി ലഭിക്കണമെങ്കില്‍ സ്‌പോണ്‍സറുടെ കത്ത് വേണമെന്ന് നിബന്ധന. തമ്പ് നിര്‍മിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം സ്‌പോണ്‍സറുടെ കത്തുകൂടി വെക്കണം. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ തമ്പ് മേഖലകളില്‍ നടത്തിയ പരിശോധനയില്‍ വിദേശികളുടെ പേരിലുള്ള നിരവധി തമ്പുകള്‍ കണ്ടെത്താനായതായി അധികൃതര്‍ പറഞ്ഞു. ഏഷ്യന്‍ രാജ്യക്കാരുടെ പേരിലുള്ള ഈ തമ്പുകളില്‍ അധിക എണ്ണത്തിലും സ്വദേശികളെയാണ് കാണാന്‍ സാധിച്ചത്. തമ്പുകളില്‍ എന്താണ് നടക്കുന്നതെന്ന് ഉടമകളായ വിദേശികള്‍ക്ക് ഒരു അറിവുമില്ലെന്നതാണ് വസ്തുത.

മഴക്കെടുതികളെ തുടര്‍ന്ന് ഇപ്രാവശ്യത്തെ തമ്പ് സീസണ്‍ വൈകിയാണ് ആരംഭിച്ചത്. മഴയെ തുടര്‍ന്ന് കുഴിബോംബുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ ജാഗ്രത കൈക്കൊള്ളാനും തമ്പുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x