Currency

തൊഴിലിടങ്ങളിലെ പരിശോധന; സൗദിയില്‍ സമയങ്ങളില്‍ മാറ്റം

സ്വന്തം ലേഖകന്‍Sunday, February 23, 2020 4:29 pm

റിയാദ്: സൗദിയില്‍ തൊഴിലിടങ്ങളിലെ പരിശോധന സമയങ്ങളില്‍ മാറ്റം വരുത്തി. സ്ഥാപനങ്ങളിലെ സൗദിവല്‍ക്കരണ തോത് പരിശോധിക്കാനെത്തുന്ന ഉദ്യോഗസ്ഥര്‍, സൗദി ജീവനക്കാര്‍ പുറത്ത് പോകുന്ന സമയങ്ങളില്‍ പരിശോധനക്കെത്തുന്നതിലൂടെ ഭീമമായ തുക സ്ഥാപനങ്ങളുടെ മേല്‍ പിഴചുമത്തുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാതലത്തിലാണ് പരിശോധന സമയങ്ങളിലും രീതികളിലും മാറ്റം വരുത്തിയത്.

സമ്പൂര്‍ണ്ണ സൗദിവല്‍ക്കരണവും, വനിതാവല്‍ക്കരണവും നിര്‍ബന്ധമാക്കിയ സ്ഥാപനങ്ങള്‍ക്ക് മാറ്റം ബാധകമല്ല. സ്വദേശിവല്‍ക്കരണം ലംഘിച്ച് വിദേശികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആളൊന്നിന് 20,000 റിയാല്‍ വീതമാണ് പിഴ ചുമത്തുന്നത്. സൗദി ജീവനക്കാരെ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും, സൗദിവല്‍ക്കരണ തോത് എത്ര മാത്രം പാലിച്ചിട്ടുണ്ടെന്നുമാണ് പരിശോധിക്കുക. പരിശോധന സമയത്ത് സൗദി ജീവനക്കാര്‍ സ്ഥാപനത്തില്‍ ഹാജറില്ലെങ്കില്‍ മുന്‍കൂട്ടി വിവരമറിയിച്ച് വീണ്ടും പരിശോധന നടത്തും.

രണ്ടാമത്തെ പരിശോധനയിലും ജീവനക്കാര്‍ ഹാജരില്ലെങ്കില്‍ നിയമലംഘനത്തിന് സ്ഥാപനത്തിന് മേല്‍ പിഴ ചുമത്തും. പുതിയ മാറ്റമനുസരിച്ച് വെള്ളിയാഴ്ചകളിലും, പെരുന്നാള്‍ അവധി ദിനങ്ങളിലും പരിശോധനയുണ്ടാകില്ല. രാത്രി 10 മണിമുതല്‍ രാവിലെ 8 വരെയും, ഉച്ചക്ക് 12.30 മുതല്‍ വൈകിട്ട് നാല് വരെയും പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x