Currency

റമദാന്‍ മാസത്തോടനുബന്ധിച്ച് യു.എ.ഇയില്‍ 1072 തടവുകാര്‍ക്ക് മോചനം

സ്വന്തം ലേഖകന്‍Wednesday, May 16, 2018 11:18 am

ദുബായ്: റമദാന്‍ മാസത്തോടനുബന്ധിച്ച് യു.എ.ഇയില്‍ 1072 തടവുകാര്‍ക്ക് കൂടി മോചനം. ദുബായ് ജയിലുകളില്‍നിന്ന് വിവിധ രാജ്യക്കാരായ 700 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ചൊവ്വാഴ്ച നിര്‍ദ്ദേശം നല്‍കി. റാസല്‍ഖൈമയില്‍ 302, അജ്മാനില്‍ 70 തടവുകാരെയും മോചിപ്പിക്കും. ഇതോടെ രാജ്യത്ത് മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ എണ്ണം 2311 ആയി.

935 പേരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാനും 304 പേരെ മോചിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയും തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാനും അവരുടെ കുടുംബങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കാനും വേണ്ടിയാണ് ശൈഖ് മുഹമ്മദിന്റെ തീരുമാനമെന്ന് ദുബായ് അറ്റോര്‍ണി ജനറല്‍ ഇസ്സം ഈസ ആല്‍ ഹുമൈദാന്‍ അറിയിച്ചു.

റമദാന്‍, സായിദ് വര്‍ഷം എന്നിവ പ്രമാണിച്ച് റാസല്‍ഖൈമയില്‍ 302 തടവുകാരെ മോചിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതോടൊപ്പം മാപ്പ് നല്‍കിയവരുടെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുമെന്നും സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി പറഞ്ഞു.

വിവിധ രാജ്യക്കാരായ 70 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് ആല്‍ നുഐമിയും ഉത്തരവിട്ടു. ജയില്‍ ശിക്ഷക്ക് ശേഷം നാടു കടത്താന്‍ കോടതി ഉത്തരവുള്ളവരെ നാടു കടത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x